Advertisement

സുബ്ഹാനി ഹാജാ മൊയ്തീന് ജീവപര്യന്തം തടവ്

September 28, 2020
Google News 1 minute Read

ഭീകര സംഘടനയായ ഐ എസിൽ ചേർന്ന് ഇന്ത്യയുടെ സുഹൃദ് രാഷ്ട്രങ്ങളോട് യുദ്ധം ചെയ്‌തെന്ന കേസിൽ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ്. വിവിധ കുറ്റങ്ങളിൽ വെവ്വേറെ ശിക്ഷകളാണ് വിധിച്ചത്. രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊച്ചി എൻഐഎ പ്രത്യേക കോടതിയുടേതാണ് വിധി.

നീതിന്യായ ചരിത്രത്തിലെ അപൂർവ്വമായ കേസിലാണ് പ്രതി സുബ്ഹാനി ഹാജാ മൊയ്തീനെതിരായ ശിക്ഷാവിധി. ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തു, ഗുഡാലോചന, ഭീകര സംഘടനയിൽ അംഗത്വം, ഭീകരപ്രവർത്തനത്തിന് സഹായം ചെയ്യൽ, എന്നീ കുറ്റങ്ങൾക്കാണ് പ്രതി സുബ്ഹാനി ഹാജാ മൊയ്തീന് ജീവപര്യന്തം തടവും 2 ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചത്. വിവിധ കുറ്റങ്ങൾക്ക് വ്യത്യസ്ത ശിക്ഷകളാണ് വിധിച്ചത്. ഐപിസി 120-ാം വകുപ്പ് പ്രകാരം 5 വർഷം തടവും, 10,000 രൂപ പിഴയും, ഐപിസി 125 വകുപ്പ് പ്രകാരം 7 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. യുഎപിഎ സെക്ഷൻ 20 പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും, യുഎപിഎ സെക്ഷൻ 38, 39 പ്രകാരം 7 വർഷം വീതം തടവുമാണ് ശിക്ഷ. എന്നാൽ എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി.

സുബ്ഹാനിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും സമൂഹത്തിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും കോടതി നിരീക്ഷിച്ചു. തൊടുപുഴ സ്വദേശിയാണ് സുബ്ഹാനി ഹാജയെങ്കിലും വർഷങ്ങളായി തമിഴ്‌നാട് തിരുനെൽവേലിയിലായിരുന്നു താമസം.2015ൽ ജിദ്ദയിലേക്കും പിന്നീട് തുർക്കി വഴി ഇറാഖിലും സുബ്ഹാനി എത്തി. തുടർന്ന് ഐഎസിൽ ചേർന്ന് ഇറാഖ് അടക്കമുള്ള രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തുവെന്നാണ് കേസ്. പാരീസ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളായ സലാഹ് അബ്ദുസലാമിനൊപ്പം സുബ്ഹാനിക്ക് ആയുധ പരിശീലനം ലഭിച്ചതായാണ് എൻഐഎ നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റ് ചിലർ കൊല്ലപ്പെട്ടതോടെയാണ് സുബ്ഹാനി ഐഎസ് സംഘത്തിൽ നിന്ന് പിൻവലിഞ്ഞത്. പിന്നീട് രാജ്യത്തേക്ക് മടങ്ങിയെത്തിയ സുബ്ഹാനി അറസ്റ്റിലാവുകയായിരുന്നു .

Story Highlights NIA, Subhani haja moideen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here