സ്ഥിതി ഗുരുതരം; ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം; സമരങ്ങളിലും നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാത്ത് കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിനുവേണ്ടി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. അതോടൊപ്പം പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലും ഉണ്ടാകണം. സമരങ്ങളും പ്രക്ഷോഭങ്ങളുമൊക്കെ ജനാധിപത്യ സംവിധാനത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ ഇവയെല്ലാം ആരോഗ്യ പരിപാലന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമാകണം. ഇന്ന് നേരിടുന്ന സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണങ്ങള്‍ ആവശ്യമായി വരും. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയെ പറ്റൂ. ഇക്കാര്യത്തില്‍ സഹകരിക്കണമെന്നാണ് എല്ലാ രാഷ്ട്രീയ കക്ഷികളോടും അഭ്യര്‍ത്ഥിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനം അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് നേരിടുന്നത്. ആദ്യ ഘട്ടത്തില്‍ ഈ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് നമ്മുടേത്. മേയ് പകുതിയാകുമ്പോള്‍ പ്രതിദിനം രോഗബാധിതരുടെ എണ്ണം 16 ആയി കുറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഫലപ്രദമായ ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും ജനങ്ങളില്‍ നിന്ന് നല്ല സഹകരണം ലഭിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രികളെക്കൂടി കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കിയാണ് സര്‍ക്കാര്‍ നീങ്ങുന്നത്.

സ്വകാര്യ മേഖലയില്‍ കൊവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച ആദ്യ സംസ്ഥാനമാണ് കേരളം. എല്ലാ അര്‍ത്ഥത്തിലും രോഗ വ്യാപനം പിടിച്ചുനിര്‍ത്താനായി എന്നത് നമ്മുടെ അഭിമാനകരമായ നേട്ടമായിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ രോഗികളുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ധനവാണ് ഉണ്ടായത്. പ്രതിദിന കേസുകള്‍ 7000 ആയി വര്‍ധിച്ചിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെയാണ് 96 ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നതെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഈ നില തുടര്‍ന്നാല്‍ വലിയ അപകടത്തിലേക്കാണ് ചെന്നുപതിക്കുക. അതുകൊണ്ട് എന്തുവിലകൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Crowds should be avoided

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top