Advertisement

ബൗളർമാർ തിളങ്ങി; സൺറൈസേഴ്സിന് ആദ്യ ജയം

September 29, 2020
2 minutes Read
srh won dc ipl

ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിനു ജയം. 15 റൺസിനാണ് പട്ടികയിലെ ആദ്യ സ്ഥാനക്കാരെ അവസാന സ്ഥാനക്കാർ കീഴ്പ്പെടുത്തിയത്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 163നു മറുപടിയായി നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനേ ഡൽഹിക്ക് സാധിച്ചുള്ളൂ. മൂന്ന് മത്സരങ്ങളിൽ നിന്ന് ഡൽഹിയുടെ ആദ്യ പരാജയവും ഹൈദരാബാദിൻ്റെ ആദ്യ വിജയവുമാണ് ഇത്. സൺറൈസേഴ്സിനായി റാഷിദ് ഖാൻ 14 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Read Also : ബെയർസ്റ്റോയ്ക്ക് അർദ്ധസെഞ്ചുറി; ഡെൽഹി ക്യാപിറ്റൽസിന് 163 റൺസ് വിജയലക്ഷ്യം

ഡൽഹി ക്യാപിറ്റൽസിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ പൃഥ്വി ഷായെ (2) പുറത്താക്കിയ ഭുവനേശ്വർ കുമാർ സൺറൈസേഴ്സിനു മികച്ച തുടക്കം നൽകി. സൺറൈസേഴ്സിനു വേണ്ടി പേസർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ റൺസ് വരണ്ടു. മൂന്നാം നമ്പറിൽ എത്തിയ ശ്രേയാസ് അയ്യരിനെയും ശിഖർ ധവാനെയും സൺറൈസേഴ്സ് ബൗളർമാർ പിടിച്ചു നിർത്തി. റാഷിദ് ഖാൻ്റെ വരവോടെ ഇരുവരും പുറത്താവുകയും ചെയ്തു. ശ്രേയാസ് അയ്യരിനെ (17) അബ്ദുൽ സമദ് പിടികൂടിയപ്പോൾ ശിഖർ ധവാൻ ജോണി ബെയർസ്റ്റോയ്ക്ക് പിടി നൽകിയാണ് മടങ്ങിയത്.

നാലാം വിക്കറ്റിൽ ഷിംറോൺ ഹെട്‌മെയർ-ഋഷഭ് പന്ത് സഖ്യമാണ് ഡൽഹിയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. അഭിഷേക് ശർമ്മയുടെയും ഖലീൽ അഹ്മദിൻ്റെയും ഓവറുകളിൽ തകർത്തടിച്ച ഇരുവരും റൺ നിരക്ക് കുറച്ചു. 16ആം ഓവറിൽ ഹെട്‌മെയർ (21) പുറത്തായി. ഭുവിയുടെ പന്തിൽ മനീഷ് പാണ്ഡെയാണ് ഹെട്മെയറെ പിടികൂടിയത്. ആറാം നമ്പറിൽ മാർക്കസ് സ്റ്റോയിനിസ് എത്തി. ഭുവിയെ ബൗണ്ടറിയടിച്ച് തുടങ്ങിയ സ്റ്റോയിനിസ് കഴിഞ്ഞ മത്സരങ്ങളിലെ അതേ മൂഡിലായിരുന്നു. ഇതിനിടെ ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മികച്ച രീതിയിൽ ബാറ്റ് വീശിയ ഋഷഭ് പന്ത് (28) പുറത്തായി. റാഷിദ് ഖാൻ്റെ പന്തിൽ റിയൻ പരഗ് പന്തിനെ പിടികൂടുകയായിരുന്നു.

Read Also : ഐപിഎൽ മാച്ച് 11; സൺറൈസേഴ്സ് ബാറ്റ് ചെയ്യും; വില്ല്യംസൺ ടീമിൽ

18ആം ഓവറിലെ അവസാന ഓവറിൽ സ്റ്റോയിനിസിനെ (11) നടരാജൻ വിക്കറ്റിനു മുന്നിൽ കുരുക്കിയത് ഡൽഹിയുടെ മരണമണിയായി. അവസാന ഓവറിൽ അക്സർ പട്ടേൽ (5) ഖലെൽ അഹ്മദിൻ്റെ പന്തിൽ പ്ലെയ്ഡ് ഓണായി മടങ്ങി. കഗീസോ റബാഡ (15) പുറത്താവാതെ നിന്നു.

Story Highlights Sunrisers Hyderabad Delhi Capitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top