ലൈഫ് മിഷൻ ഇടപാട് കേസ്; സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ

life mission

ലൈഫ് മിഷൻ പദ്ധതിക്കെതിരായ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷൻ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എഫ്ആർസിഎ ചട്ടങ്ങളുടെ പരിധിയിൽ ലൈഫ് മിഷൻ ഇടപാട് വരില്ലെന്നാണ് സർക്കാരിന്റെ വാദം. പ്രാഥമിക അന്വേഷണം പോലും ഇല്ലാതെ എഫ്‌ഐആർ ഇട്ടതിന് പിന്നിൽ സ്ഥാപിത താത്പര്യങ്ങളുണ്ടെന്നും സർക്കാർ ആരോപിക്കുന്നു.

ലൈഫ് പദ്ധതിക്ക് എതിരായ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിദേശ ഏജൻസിയായ റെഡ് ക്രസൻറും നിർമാണക്കമ്പനിയായ യൂണിടാകും തമ്മിലുള്ള ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് എഫ്ആർസിഎ നിയന്ത്രണങ്ങൾ ബാധകമല്ലെന്നാണ് സർക്കാരിന്റെ വാദം. റെഡ് ക്രസൻറും യൂണിടാകും തമ്മിലുള്ള ഇടപാടിൽ സംസ്ഥാന സർക്കാരിന് പങ്കില്ല. സർക്കാരിലെയോ ലൈഫ് മിഷനിലെയോ ഒരു ഉദ്യോഗസ്ഥന് എതിരെ പോലും അന്വേഷണം നടത്താനുള്ള തെളിവില്ലെന്നും ഹർജിയിൽ പറയുന്നു. സർക്കാരോ സർക്കാർ ഏജൻസികളോ എഫ്ആർസിഎ പ്രാകാരം വിദേശ സംഭാവന സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Read Also : ലൈഫ് മിഷൻ കേസ്; അഴിമതി നിരോധന നിയമം ഉൾപ്പെടുത്താൻ സിബിഐ നിയമോപദേശം തേടി

പ്രാഥമിക അന്വേഷണം പോലും നടത്താതെ തിടുക്കപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിൽ ചില താൽപര്യങ്ങളുണ്ടെന്നും സർക്കാർ ആരോപിക്കുന്നു. എഫ്‌ഐആർ സംബന്ധിച്ച് കോടതിയിലും വെബ്‌സൈറ്റിലും നൽകിയിരിക്കുന്നത് വ്യത്യസ്ത വിവരങ്ങളെന്നും ഹർജിയിലുണ്ട്. സിബിഐയുടെ നടപടി നിയമവിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് സർക്കാർ ആരോപിക്കുന്നു. ഇത് സംസ്ഥാന സർക്കാരിൻറെ അധികാരത്തിൻമേലുള്ള കടന്നു കയറ്റമാണ്. ഈ സാഹചര്യത്തിൽ സിബിഐ റജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാണ് സർക്കാരിൻറെ ആവശ്യം. ഹർജി നാളെ കോടതി പരിഗണിക്കും.

Story Highlights life mission, cbi, high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top