ചാമ്പ്യൻസ് ലീഗ്; ഗ്രൂപ്പ് ഘട്ടത്തിൽ ക്രിസ്ത്യാനോയും മെസിയും നേർക്കുനേർ

2020-21 യുവേഫ ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് പൂർത്തിയായി. ഗ്രൂപ്പ് ഘട്ടത്തിൽ ഇതിഹാസ താരങ്ങളായ ലയണൽ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയും മുഖാമുഖം എത്തുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത. ഇത് ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിലും ഇരുവരും പരസ്പരം ഏറ്റുമുട്ടുക. സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ താരമായ ലയണൽ മെസിയും ഇറ്റാലിയൻ ക്ലബ് യുവൻ്റസിൻ്റെ താരമായ ക്രിസ്ത്യാനോയും നേരത്തെ ലാ ലിഗയിൽ പരസ്പരം പോരടിച്ചിരുന്നു. റയൽ മാഡ്രിഡിൽ നിന്ന് ക്രിസ്ത്യാനോ യുവൻ്റസിലേക്ക് കൂടുമാറിയതിനെ തുടർന്ന് ആരാധകർക്ക് ആ പോരാട്ടം നഷ്ടമായിരുന്നു.
Read Also : ‘നീ ഇങ്ങനെ വലിച്ചെറിയപ്പെടേണ്ടവനായിരുന്നില്ല’; സുവാരസ് ക്ലബ് വിട്ടതിൽ വൈകാരികമായ കുറിപ്പുമായി മെസി
ഗ്രൂപ്പ് ജിയിൽ യുക്രേണിയൻ ക്ലബ് ഡൈനാമോ കീവ്, ഹംഗേറിയൻ ക്ലബ് ഫെറൻസ്വാരോസ് എന്നിവർക്കൊപ്പമാണ് ബാഴ്സയും യുവൻ്റസും ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ക്വാർട്ടറിൽ പുറത്തായിരുന്നു.
അതേ സമയം, ക്ലബ് മാനേജ്മെൻ്റുമായി മെസി തുറന്ന പോരിലാണ്. ക്ലബ് മാനേജ്മെൻ്റും പ്രസിഡൻ്റ് ബാർതോമ്യുവും ഒരു ദുരന്തമാണ് എന്ന് മെസി വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. സീസൺ അവസാനത്തിൽ ക്ലബ് വിടണമെന്ന് മെസി ആവശ്യപ്പെട്ടു എങ്കിലും കരാറിലെ സാങ്കേതിക വശങ്ങൾ ഉയർത്തിക്കാട്ടി പ്രസിഡൻ്റ് ബാർതോമ്യു ഈ നീക്കത്തിന് തടയിട്ടു.
Read Also : ലോകകപ്പ് യോഗ്യതാമത്സരം; മെസിക്ക് എൽ ക്ലാസിക്കോ നഷ്ടമായേക്കും
ഇതിനു പിന്നാലെ, ഉറുഗ്വേ സ്ട്രൈക്കർ ലൂയിസ് സുവാരസിനെ ക്ലബ് ഒഴിവാക്കിയതിനെതിരെയും മെസി ആഞ്ഞടിച്ചു. ഇതുപോലെ വലിച്ചെറിയപ്പെടേണ്ട ആളായിരുന്നില്ല താങ്കൾ എന്നും ഇപ്പോൾ മാനേജ്മെൻ്റി ഇങ്ങനെയൊക്കെ ചെയ്യുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും മെസി പറഞ്ഞിരുന്നു.
അതേ സമയം, പുതിയ പരിശീലകൻ റൊണാൾഡ് കോമാനു കീഴിൽ ബാഴ്സലോണ ലാലിഗ സീസൺ മികച്ച നിലയിലാണ് തുടങ്ങിയത്. കളിച്ച രണ്ട് മത്സരങ്ങളും ബാഴ്സ വിജയിച്ചു.
Story Highlights – Champions League Lionel Messi to face Cristiano Ronaldo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here