ക്രമസമാധാന പ്രശ്നമുണ്ടാവുമെന്ന് വിശദീകരണം; നിർഭയയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകയെയും യുപി പൊലീസ് തടഞ്ഞു

ഉത്തർപ്രദേശിലെ ഹത്റാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാവുകയാണ്. ഹത്‌റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞിരുന്നു. ഇതിനു പിന്നാലെ 2012ലെ നിർഭയ കേസിൽ ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകയെയും യുപി പൊലീസ് തടഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെ വിളിച്ചിരുന്നു എന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ ഹത്റാസിലേക്ക് തിരിച്ച തന്നെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു എന്നും അഭിഭാഷകയായ സീമ കുശ്വാഹ പറഞ്ഞു.
Read Also : ഹത്‌റാസ് ബലാത്സംഗത്തിൽ സ്വമേധയാ കേസെടുത്ത് അലഹാബാദ് ഹൈക്കോടതി
“തങ്ങൾക്കായി നിയമ നടപടികൾ മുന്നോട്ടുകൊണ്ടുപോകണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഞാൻ അവരെ കാണാനെത്തിയത്. പക്ഷേ യുപി പൊലീസ് അതിന് അനുവദിച്ചില്ല. അത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്നായിരുന്നു പൊലീസിൻ്റെ വിശദീകരണം.”- സീമ മാധ്യമങ്ങളോട് പറഞ്ഞു.
ഹത്‌റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് ഉത്തർപ്രദേശ് പൊലീസിൻ്റെ വാദം. ഇതിന് ഫോറൻസിക് തെളിവില്ല. പെൺകുട്ടിയുടെ ശരീരത്തിൽ ബീജത്തിന്റെ അംശം കണ്ടെത്താനായില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. ജാതി സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അലഹബാദ് കോടതിയുടെ ലക്നൗ ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
Story Highlights – Not allowed to meet hathras victim’s family says Lawyer Seema Kushwaha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here