Advertisement

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം; 90 സ്‌കൂളുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

October 3, 2020
Google News 1 minute Read

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കിഫ്ബിയില്‍ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവിട്ട് 20 കെട്ടിടങ്ങളും പ്ളാന്‍ഫണ്ട് പ്രയോജനപ്പെടുത്തി 62 കെട്ടിടങ്ങളും നബാര്‍ഡിന്റെ സഹായം ഉപയോഗിച്ച് നാലു കെട്ടിടങ്ങളുമാണ് സ്‌കൂളുകള്‍ക്കായി നിര്‍മിച്ചതെന്ന് മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ഉദ്ഘാടനത്തില്‍ പറഞ്ഞു.

പത്തനംതിട്ടയിലും കാസര്‍ഗോഡും രണ്ടു വീതവും കോട്ടയത്തും എറണാകുളത്തും മൂന്നു വീതവും വയനാട്ടില്‍ നാലും ഇടുക്കിയില്‍ അഞ്ചും കൊല്ലത്തും പാലക്കാടും ആറ് വീതവും കോഴിക്കോട് ഏഴും മലപ്പുറത്ത് ഒന്‍പതും തിരുവനന്തപുരത്തും ആലപ്പുഴയിലും പത്ത് വീതവും തൃശൂരില്‍ പതിനൊന്നും കണ്ണൂരില്‍ പന്ത്രണ്ടും സ്‌കൂള്‍ കെട്ടിടങ്ങളാണ് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ചത്.
വരും തലമുറയെ കൂടി കണ്ടു കൊണ്ടാണ് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ കൊവിഡ് 19 ഉയര്‍ത്തിയ പ്രതിസന്ധിയുണ്ട്. സ്‌കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുന്ന സമയം അവ ആരംഭിക്കാമെന്നാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാലയങ്ങള്‍ ആകെ മികവിന്റെ കേന്ദ്രമാക്കുക എന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിട്ടത്. സര്‍ക്കാരിന്റെ ഈ നീക്കത്തിന് തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, ഇതിനോട് താത്പര്യമുള്ള മറ്റു വ്യക്തികള്‍ തുടങ്ങി എല്ലാവരുടെയും സഹകരണം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. പുതിയ കെട്ടിടങ്ങള്‍ യാഥാര്‍ത്ഥ്യമായ 90 ഇടങ്ങളിലും നൂറു കണക്കിന് ആളുകള്‍ എത്തി വിപുലമായി നടക്കേണ്ട ചടങ്ങായിരുന്നു ഇത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി ചുരുക്കേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

Story Highlights Protection of public education; CM inaugurated 90 schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here