എറണാകുളത്ത് കൊവിഡ് പ്രതിരോധ നടപടികൾ; കർശന നിരീക്ഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥർ

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളിലെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ സെക്ടർ മജിസ്‌ട്രേറ്റുകളായും കൊവിഡ് നിരീക്ഷകരായും നിയോഗിച്ചുകൊണ്ട് എറണാകുളം കളക്ടർ എസ് സുഹാസിന്റെ ഉത്തരവ്. തങ്ങളുടെ അധികാര പരിധിയിൽ വരുന്ന പ്രദേശത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും കർശനമായി നടപ്പാക്കുന്നതിനുമുള്ള ചുമതലയാണ് ഇവർക്ക് നൽകിയിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരമാണ് ഇവരുടെ നിയമനം.
Read Also : തൃശൂരിൽ 778 പേർക്ക് കൂടി കൊവിഡ്; 420 പേർ രോഗമുക്തരായി
ആരോഗ്യം, പൊലീസ്, റവന്യൂ, തദ്ദേശഭരണം തുടങ്ങിയവയ്ക്ക് പുറമെയുള്ള വകുപ്പുകളിൽ നിന്നാണ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോകോൾ കർശനമായി നടപ്പാക്കുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ, കൊവിഡ് രോഗികളുടെ ക്വാറന്റീൻ നടപടികൾ, വിവാഹ-മരണ ചടങ്ങുകളിലും പൊതുചടങ്ങുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കണ്ടെയ്ൻമെൻറ് സോണുകളുടെ നടപടികൾ, റിവേഴ്‌സ് ക്വാറന്റീൻ, കടകളിലും മാർക്കറ്റുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, കൊവിഡ് വ്യാപനത്തിനെതിരായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കൽ തുടങ്ങിയ ചുമതലകളാണ് ഉദ്യോഗസ്ഥർ നിർവഹിക്കേണ്ടത്. അവശ്യ ഘട്ടത്തിൽ സ്വന്തം വകുപ്പിൽ നിന്ന് ജീവനക്കാരെ ഈ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാം. കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ പൊലീസിന്റെ സഹായത്തോടെ കർശന നടപടി സ്വീകരിക്കാനും ഇവർക്ക് അധികാരമുണ്ടായിരിക്കും.
ക്രിമിനൽ നിയമം വകുപ്പ് 21 പ്രകാരം സ്‌പെഷ്യൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉദ്യോഗസ്ഥർക്ക് നൽകുന്നത്. ബന്ധപ്പെട്ട ജില്ലാ പൊലിസ് മേധാവിയുടെ സഹകരണത്തോടെയായിരിക്കും പ്രവർത്തനം. കണ്ടയ്ൻമെന്റ് സോണുകളുടെ പട്ടിക ഇവർക്ക് ജില്ല സർവൈലൻസ് ഓഫീസർ കൈമാറും. അതാത് പ്രദേശത്തെ സെക്ടർ മജിസ്‌ട്രേറ്റുമാരുടെയും കൊവിഡ് നിരീക്ഷകരുടെയും ഏകോപന ചുമതല ബന്ധപ്പെട്ട തഹസിൽദാർമാർക്കായിരിക്കും.
Story Highlights – covid, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here