ആലപ്പുഴയുടെ തീരമേഖലയിലെ കടലാക്രമണം തടയാന്‍ 184.04 കോടിയുടെ പദ്ധതി: മുഖ്യമന്ത്രി

ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് നിയോജക മണ്ഡലങ്ങളിലെ തീരപ്രദേശത്തെ രൂക്ഷമായ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ചെന്നൈ ഐഐടിയുടെ രൂപകല്‍പനയെ അടിസ്ഥാനമാക്കി 184.04 കോടി രൂപ ചെലവഴിച്ച് 114 ഗ്രോയിന്‍ ഫീല്‍ഡ് സ്ഥാപിക്കുന്നതിനുള്ള അഞ്ച് പ്രവൃത്തികള്‍ ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടല്‍ത്തീര സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ പദ്ധതി 2022 മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ആറ് പഞ്ചായത്തുകളിലെ 625 കുടുംബങ്ങള്‍ക്ക് പ്രത്യക്ഷമായും 1500 മുതല്‍ 2000 വരെ കുടുംബങ്ങള്‍ക്ക് പരോക്ഷമായും പദ്ധതി പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടലാക്രമണം രൂക്ഷമായ ഒന്‍പത് ജില്ലകളില്‍ അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ വീതം 18 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷത്തെ നോണ്‍ പ്ളാന്‍ ഫണ്ടില്‍ ആറു കോടി രൂപയുടെ 12 പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തില്‍ വാച്ചാക്കല്‍, കമ്പനിപ്പടി, ചെറിയ കടവ് പ്രദേശങ്ങളില്‍ 69.60 ലക്ഷം രൂപ ചെലവഴിച്ച് 475 മീറ്റര്‍ നീളത്തില്‍ ജിയോബാഗുകള്‍ ഉപയോഗിച്ച് താത്ക്കാലിക കടല്‍ഭിത്തി നിര്‍മിച്ചിരുന്നു. മലാഖപ്പടി, ദീപ്തി, അംഗന്‍വാടി, ബസാര്‍, വേളാങ്കണ്ണി, ചാളക്കടവ്, റീത്താലയം, പുത്തന്‍തോട് എന്നിവിടങ്ങളില്‍ 97.80 ലക്ഷം ചെലവില്‍ ജിയോബാഗ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മിച്ചു. ചെല്ലാനത്ത് എട്ടു കോടി രൂപ ചെലവഴിച്ച് ഒരു കിലോമീറ്റര്‍ നീളത്തില്‍ ജിയോ ട്യൂബ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മാണം നടക്കുന്നു. 2021 ജനുവരിയില്‍ ഇത് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
ചെല്ലാനം ബസാര്‍ ഭാഗത്ത് 220 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി പണിയാന്‍ ഒരു കോടി രൂപയുടെ പ്രവൃത്തികളും ചാളക്കടവ്, മാലാഖപ്പടി, കണ്ണമാലി എന്നിവിടങ്ങളില്‍ ജിയോബാഗ് ഉപയോഗിച്ച് 270 മീറ്റര്‍ നീളത്തില്‍ താത്കാലിക കടല്‍ഭിത്തി 30 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കാനുള്ള പ്രവൃത്തികളും നടപ്പാക്കുന്നു.

ചെന്നൈ ഐഐടിയുടെ ഓഷ്യന്‍ എന്‍ജിനിയറിംഗ് വകുപ്പിന്റെ വിദഗ്ധ നിര്‍ദ്ദേശം അനുസരിച്ച് തയാറാക്കുന്ന മാലാഖപ്പടിയിലെ രണ്ട് പുലിമുട്ടും മാലാഖപ്പടിയിലെയും കണ്ണമാലിയിലെയും മറ്റ് മൂന്ന് പുലിമുട്ടുകളുടെ പുനരുദ്ധാരണവും പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പന ചെയ്ത് പൂര്‍ത്തിയാക്കും. പത്ത് കോടി രൂപയാണ് പുലിമുട്ടുകള്‍ക്കായി ഇവിടെ ചെലവാക്കുന്നത്. തീരസംരക്ഷണത്തെക്കുറിച്ച് ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ സഹായത്തോടെ പഠനം നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര നിയോജക മണ്്ഡലത്തിലെ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 40.60 ലക്ഷം രൂപയുടെ രണ്ടു പ്രവൃത്തികള്‍ക്ക് അനുമതി നല്‍കി. തിരുവനന്തപുരം വലിയതുറയില്‍ മൂന്ന് പ്രവൃത്തികള്‍ക്കായി നാലു കോടി രൂപയുടെ ഭരണാനുമതി നല്‍കി. ഇവയുടെ നിര്‍മാണം ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. പുതിയതുറ, കൊച്ചുതോപ്പ്, വെട്ടുകാട് എന്നിവിടങ്ങളിലെ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ കല്യാശേരി മണ്ഡലത്തിന്റെ ഭാഗമായ മാടായി, മാട്ടൂര്‍ പ്രദേശങ്ങളില്‍ കടല്‍ത്തീര സംരക്ഷണത്തിന് 16 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights 184.04 crore project to prevent sea level rise in coastal areas: CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top