റബാഡയ്ക്ക് നാലു വിക്കറ്റ്; തകർന്നടിഞ്ഞ് ആർസിബി; ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ ജയം

dc won rcb ipl

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ ജയം. 59 റൺസിനാണ് ഡൽഹി ബാംഗ്ലൂരിനെ കെട്ടു കെട്ടിച്ചത്. ജയത്തോടെ ഡൽഹി പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി. 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. ഡൽഹി ബൗളർമാരെല്ലാം നന്നായി പന്തെറിഞ്ഞു. കഗീസോ റബാഡ 4 വിക്കറ്റ് വീഴ്ത്തി.

Read Also : സ്ലോഗ് ഓവറുകളിൽ ബാറ്റിംഗ് വിസ്ഫോടനം; ബാംഗ്ലൂരിന് 197 റൺസ് വിജയലക്ഷ്യം

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് മൂന്നാം ഓവറിൽ തന്നെ ആദ്യ പ്രഹരമേറ്റു. മികച്ച ഫോമിൽ കളിക്കുന്ന ഓപ്പണർ ദേവ്‌ദത്ത് പടിക്കൽ (4) ആർ അശ്വിൻ്റെ പന്തിൽ മാർക്കസ് സ്റ്റോയിനിസിനു പിടിനൽകി മടങ്ങി. ക്രീസിൽ ഏറെ ബുദ്ധിമുട്ടിയ ഫിഞ്ചായിരുന്നു അടുത്ത ഇര. രണ്ടിലധികം തവണ ഫീൽഡർമാരിൽ നിന്ന് രക്ഷപ്പെട്ട ഫിഞ്ച് (13) നാലാം ഓവറിൽ മടങ്ങി. ഫിഞ്ചിനെ അക്സർ പട്ടേലിൻ്റെ പന്തിൽ ഋഷഭ് പന്ത് പിടികൂടുകയായിരുന്നു. ഡിവില്ല്യേഴ്സിനും അധികം ആയുസ് ഉണ്ടായില്ല. 9 റൺസെടുത്ത ഡിവില്ല്യേഴ്സിനെ ആൻറിച് നോർജെയുടെ പന്തിൽ ശിഖർ ധവാൻ കൈപ്പിടിയിലൊതുക്കി. മൊയീൻ അലി (11) അക്സർ പട്ടേലിൻ്റെ പന്തിൽ ഷിംറോൺ ഹെട്മെയറിൻ്റെ കൈകളിൽ അവസാനിച്ചു.

ഒരു വശത്ത് വിക്കറ്റുകൾ കടപുഴകുമ്പോളും പിടിച്ചു നിന്ന കോലിയും ഏറെ വൈകാതെ മടങ്ങി. ആവശ്യമായ റൺ നിരക്ക് കുതിച്ചുയരുന്നതിൻ്റെ സമ്മർദ്ദത്തിൽ കൂറ്റനടിക്ക് ശ്രമിച്ച കോലി ഋഷഭ് പന്തിനു ക്യാച്ച് നൽകിയാണ് മടങ്ങിയത്. 43 റൺസെടുത്താണ് ആർസിബി ക്യാപ്റ്റൻ മടങ്ങി. പിന്നെ എല്ലാം ചടങ്ങ് മാത്രമായിരുന്നു.

Read Also : ഐപിഎൽ മാച്ച് 19: ഡൽഹിക്ക് ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

വാഷിംഗ്ടൺ സുന്ദർ (17), ശിവം ദുബേ (11), ഇസുരു ഉദാന (1) എന്നിവർ റബാഡയ്ക്ക് മുന്നിൽ കീഴടങ്ങി. സുന്ദറിനെ അശ്വിൻ പിടികൂടിയപ്പോൾ ദുബേ ക്ലീൻ ബൗൾഡായി. ഉദാനയെ (1) ശ്രേയാസ് അയ്യർ പിടികൂടി. മുഹമ്മദ് സിറാജ് (5) നോർജെയ്ക്ക് മുന്നിൽ ക്ലീൻ ബൗൾഡായി. നവദീപ് സെയ്നി (11), യുസ്‌വേന്ദ്ര ചഹാൽ (0) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights Delhi capitals won against royal challengers bangalore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top