ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ; അന്വേഷണത്തിന് സ്റ്റേ ഇല്ല

ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയിൽ. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകണമെന്ന യുണീടാക് എംഡിയുടെ ആവശ്യം കോടതി തള്ളി.

തനിക്കെതിരായി സിബിഐ റജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പൻ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ലൈഫ് മിഷനിൽ അഴിമതി നടന്നെങ്കിൽ അതിൽ യൂണിടാകിന് ഒരു ഉത്തരവാദിത്തവുമില്ലെന്നും, തന്റേത് ഒരു സ്വകാര്യ ഏജൻസി മാത്രമാണെന്നുമായിരുന്നു സന്തോഷ് ഈപ്പന്റെ വാദം. ഇതിനിടെയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ കോടതിയിൽ പറഞ്ഞത്. സന്തോഷ് ഈപ്പൻ ഫോൺ നൽകിയതിലും പണം നൽകിയതിലും അഴിമതിയുണ്ടെന്ന് സിബിഐ കോടതിയിൽ വാദിച്ചു. സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പൻ കമ്മീഷൻ നൽകിയതും കൈക്കൂലിയായി കണക്കാക്കണം. ലൈഫ് മിഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥർ കൈക്കൂലിയായി പണം വാങ്ങിയോ എന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. അതിനാൽ ഇക്കാര്യത്തിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളണമെന്നും സിബിഐ ഹൈക്കോടതിയിൽ വാദിച്ചു.

അതേസമയം കേസിലെ വിജിലൻസ് അന്വേഷണത്തിന്റെ ഫയൽ വിളിച്ചുവരുത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടപ്പോൾ സർക്കാർ ഇതിനെ ശക്തമായി എതിർത്തു. നിലവിൽ ഈ ഫയൽ വിളിച്ച് വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതിയും വ്യക്തമാക്കി. സന്തോഷ് ഈപ്പൻ കൈക്കൂലി നൽകിയെങ്കിൽത്തന്നെ അത് വിദേശ വിനിമയ നിയന്ത്രണച്ചട്ടത്തിന്റെ പരിധിയിൽ വരുമോ എന്ന് കോടതി സിബിഐയോട് ചോദിച്ചു. അത് അന്വേഷിക്കേണ്ടത് വിജിലൻസല്ലേ എന്നും കോടതി ആരാഞ്ഞു. ഇതിൽ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും, ലൈഫ് മിഷൻ സിഇഒ യു വി ജോസ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും സിബിഐ കോടതിയിൽ മറുപടി നൽകി. കേസിൽ വ്യാഴാഴ്ച വിശദമായി വാദം കേൾക്കും.

Story Highlights Life mission, CBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top