‘ആഭ്യന്തര മത്സരങ്ങളിലെ സഞ്ജുവിന്റെ ശരാശരി എന്നെ എപ്പോഴും അലട്ടുന്നു’; സഞ്ജയ് മഞ്ജരേക്കർ

സഞ്ജു സാംസണിൻ്റെ ആഭ്യന്തര മത്സരങ്ങളിലെ പ്രകടനം തന്നെ എപ്പോഴും അലട്ടുന്നതായി മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. മായങ്ക് അഗർവാൾ, ശുഭ്മൻ ഗിൽ എന്നിവരുടെ ആഭ്യന്തര ശരാശരിയുടെ അടിസ്ഥാനത്തിലാണ് മഞ്ജരേക്കരുടെ വിലയിരുത്തൽ. സഞ്ജുവിൻ്റെ ശരാശരി തന്നെ എപ്പോഴും അലട്ടുന്നുവെന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
Read Also : ‘ചൗളയും റായുഡുവും ശ്രദ്ധേയരല്ലാത്ത കളിക്കാർ’; മഞ്ജരേക്കറിന്റെ പരാമർശം വീണ്ടും വിവാദത്തിൽ
‘ഏത് ഫോർമാറ്റിലാണ് കളിക്കുന്നത് എങ്കിലും, ഫസ്റ്റ് ക്ലാസ് റെക്കോർഡുകൾ നോക്കിയാൽ ഒരു കളിക്കാരനെ കുറിച്ചുള്ള ധാരണ ലഭിക്കും. സഞ്ജുവിന്റെ കാര്യത്തിൽ എന്നെ എപ്പോഴും അലട്ടിയിരുന്നത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 37 എന്ന ശരാശരിയാണ്. മായങ്ക് അഗർവാളിൻ്റെ ശരാശരി 57ഉം ഗില്ലിൻ്റെ ശരാശരി 21 കളിയിൽ നിന്ന് അമ്പരപ്പിക്കുന്ന 73 ഉം ആണ്.’- മഞ്ജരേക്കർ കുറിച്ചു.
ഈ ഐപിഎൽ സീസണിൽ തുടർച്ചയായ രണ്ട് മികച്ച പ്രകടനങ്ങൾക്കു ശേഷം സഞ്ജു പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. 8, 4, 0 എന്നിങ്ങനെയാണ് അവസാന മൂന്ന് മത്സരങ്ങളിൽ സഞ്ജു സ്കോർ ചെയ്തത്. ഇതിനു പിന്നാലെയാണ് മഞ്ജരേക്കറുടെ ട്വീറ്റ്.
Read Also : ഞാൻ സഞ്ജുവിന്റെ ആരാധിക; രാജസ്ഥാനെ പിന്തുണയ്ക്കുന്നത് സഞ്ജു ഉള്ളതിനാൽ: സ്മൃതി മന്ദന
മഞ്ജരേക്കറെ ഐപിഎൽ കമൻ്ററി പാനലിൽ നിന്ന് ബിസിസിഐ ഒഴിവാക്കിയിരുന്നു. ക്രിക്കറ്റ് നിരീക്ഷകനും കമൻ്റേറ്ററുമായ ഹർഷ ഭോഗ്‌ലെ, ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് മഞ്ജരേക്കറെ ഒഴിവാക്കുന്നതിലേക്ക് ബിസിസിഐയെ നയിച്ചത്. ഈ വർഷം മാർച്ചിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരക്ക് മുന്നോടി ആയാണ് മഞ്ജരേക്കറെ കമൻ്ററി പാനലിൽ നിന്ന് ബിസിസിഐ നീക്കിയത്. തുടർന്ന് മഞ്ജരേക്കർ ജഡേജയോടും ഭോഗ്‌ലെയോടും മാപ്പ് അപേക്ഷിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷം അദ്ദേഹം വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐക്ക് രണ്ട് തവണ മെയിൽ അയച്ചു. ഐപിഎൽ 13ആം സീസണിലെ കമൻ്ററി പാനലിൽ തന്നെ ഉൾപ്പെടുത്തണമെന്നായിരുന്നു മഞ്ജരേക്കറുടെ അഭ്യർത്ഥന. എന്നാൽ ഇത് ബിസിസിഐ നിരസിച്ചു.
Story Highlights – sanjay manjarekkar criticizes sanju samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here