‘യുകെജിയിൽ പോയി പഠിക്കാൻ പറഞ്ഞു, നേരിട്ടത് കടുത്ത മാനസിക പീഡനം; ഗ്രേഡ് എസ്‌ഐയുടെ ആത്മഹത്യയിൽ സിഐക്കെതിരെ സഹോദരൻ

വിളപ്പിൽശാല ഗ്രേഡ് എസ്‌ഐ രാധാകൃഷ്ണന്റെ മരണത്തിൽ സിഐക്കെതിരെ ആരോപണവുമായി സഹോദരൻ രംഗത്ത്. വിളപ്പിൽശാല സിഐ സജിമോൻ രാധാകൃഷ്ണനെ മാനസികമായി പീഡിപ്പിച്ചതായി സഹോദരൻ വിനോദ് പ്രതികരിച്ചു. രാധാകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിക്കുന്നതിന് രണ്ടാഴ്ച മുൻപ് ഇക്കാര്യം തന്നോട് പറഞ്ഞതായും സഹോദരൻ വ്യക്തമാക്കി.

സിഐയുടെ ഭാഗത്ത് നിന്ന് പീഡനം നേരിട്ടതായി രാധാകൃഷ്ണൻ പറഞ്ഞിരുന്നു. എഴുതിക്കൊടുക്കുന്ന റിപ്പോർട്ടുകൾ മുഴുവൻ തെറ്റാണെന്ന് സിഐ പറഞ്ഞിരുന്നു. യുകെജിയിൽ പോയി പഠിച്ചിട്ട് എഴുതിയാൽ മതിയെന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്. ജൂനിയറിന്റെ മുൻപിൽ വച്ചും അപമാനിച്ചു. ഇക്കാര്യങ്ങൾ എന്തുകൊണ്ട് സീനിയറിനോട് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചോദിച്ചിരുന്നു. രണ്ട് വർഷത്തെ സർവീസ് കൂടിയേ തനിക്ക് ഉള്ളൂ എന്നും സീനിയറിന് ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ലെന്നുമായിരുന്നു രാധാകൃഷ്ണൻ പറഞ്ഞത്. എന്നെങ്കിലും സിഐയുടെ മനസ് മാറുമെന്നും അവൻ പറഞ്ഞിരുന്നുവെന്നും വിനോദ് കൂട്ടിച്ചേർത്തു.

Read Also :സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച വിളപ്പിൽശാല ഗ്രേഡ് എസ്‌ഐ മരിച്ചു

27 വർഷത്തോളം രാധാകൃഷ്ണൻ സർവീസിൽ ഉണ്ടായിരുന്നു. ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. സിഐയുടെ ഭാഗത്തുനിന്ന് മാത്രമാണ് മോശം അനുഭവം ഉണ്ടായത്. സർക്കാരിൽ വിശ്വാസമുണ്ട്. രാധാകൃഷ്ണന്റെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ മാസം ഒന്നാം തീയതിയാണ് രാധാകൃഷ്ണൻ സ്റ്റേഷനിലെ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാധാകൃഷ്ണന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Story Highlights Suicide, Grade SI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top