മന്ത്രിസഭാ പുനഃസംഘടനയിൽ അർഹമായ പരിഗണന വാഗ്ദാനം; എൻഡിഎയിൽ ചേരാൻ പ്രാദേശിക പാർട്ടികളെ തിരഞ്ഞ് ബിജെപി

എൻഡിഎയിൽ ചേരാൻ പ്രാദേശിക പാർട്ടികളെ തിരഞ്ഞ് ബിജെപി. മന്ത്രിസഭാ പുനഃസംഘടനയിൽ അർഹമായ പരിഗണനയാണ് വാഗ്ദാനം. രാംവിലാസ് പാസ്വാന്റെ മരണത്തോടെ എൻഡിഎ സർക്കാരിലെ ഘടകകക്ഷികളുടെ പ്രാതിനിധ്യം ഒന്നായി മാറിയ സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കങ്ങൾ. മന്ത്രിസഭാ വികസനത്തിൽ ജെഡിയു, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ഇതിനകം മന്ത്രിസഭയിലെത്തും എന്ന് ഉറപ്പായി കഴിഞ്ഞു.

നരേന്ദ്രമോദിയുടെ 51 അംഗമന്ത്രിസഭയിൽ പേരിനുള്ള ബിജെപി ഇതര അംഗം സഹമന്ത്രി പദം വഹിക്കുന്ന രാം ദാസ് അത്തേവാല മാത്രമാണ്. 1977 ന് ശേഷം ഇതാദ്യമായാണ് കേന്ദ്രത്തിൽ ഒരു പാർട്ടിയുടെ മാത്രം ക്യാബിനെറ്റ് മന്ത്രിമാർ അധികാരം കയ്യാളുന്ന സാഹചര്യം. 2019 ൽ അധികാരത്തിൽ മടങ്ങിയെത്തിയപ്പോൾ 24 പാർട്ടികളുടെ കൂട്ടായ്മയായിരുന്ന എൻഡിഎയിൽ നിന്ന് ക്യാബിനറ്റ് മന്ത്രിസഥാനം ലഭിച്ചത് ബിജെപിക്ക് പുറത്ത് നിന്ന് മൂന്നുപേർക്കായിരുന്നു. ഇവരിൽ രാം വിലാസ് പാസ്വാൻ മരണമടയുകയും ഹർസിമ്യത് ബാലും ആനന്ദ് ഗീത രാജിവയ്ക്കുകയും ചെയ്തു. ബിജെപി ഇതര മന്ത്രിമാർ ക്യാബിനെറ്റിൽ ഇല്ലാത്തത് മുന്നണിയുടെ ഭാഗം എന്നരീതിയിൽ തിരിച്ചടിയാകും എന്നാണ് പാർട്ടി ദേശീയ നേത്യത്വത്തിന്റെ വിലയിരുത്തൽ. ജെഡിയുവിനും വൈഎസ്ആർ കോൺഗ്രസിനും സീറ്റ് നൽകുന്നതിന് പുറമേ എതാനും ചെറുപാർട്ടികളെ കൂടി മുന്നണിയിൽ എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. പാർലമെന്റിൽ അംഗങ്ങൾ അല്ലാത്ത ചെറുകക്ഷികളുടെ പ്രതിനിധികളെ മന്ത്രിമാരാക്കുന്നതിനെ കുറിച്ചും ബി.ജെ.പി നേത്യത്വം സജീവമായി ആലോചിക്കുകയാണ്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ചില ഘടകക്ഷി പ്രതിനിധികളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പാർലമെന്റിൽ എത്തിക്കാം എന്ന നിശ്ചയത്തിൽ ആകും മന്ത്രിസ്ഥാനം നൽകുക. എൻഡിഎയ്ക്ക് പുറത്ത് എംപിമാരുള്ള പാർട്ടികളെ ലഭിച്ചില്ലെങ്കിൽ മാത്രമാകും ഇതിന് ബിജെപി മുതിരുന്നത്. കേരളത്തിൽ നിന്നുള്ള രണ്ട് എൻഡിഎ ഘടകക്ഷികൾ അടക്കം 8 ചെറുപാർട്ടികൾ ഇതിനായുള്ള പരിഗണനാ പട്ടികയിൽ ഉൾപ്പെട്ടു. ഇന്നോ നാളയോ നടത്താനിരുന്ന മന്ത്രിസഭാ പുനഃസംഘടന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ വൈകാനുള്ള സാധ്യതയും ഈ പശ്ചാത്തലത്തിൽ ഏറെയാണ്. തൂക്ക് സഭയാണ് ബിഹാറിൽ വരുന്നതെങ്കിൽ ചിരാഗിനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തി എൽജെപി പിന്തുണ തേടുകയാണ് ഇതുവഴിയുള്ള തന്ത്രം.

Story Highlights BJP, NDA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top