കഞ്ചാവ് കേസിലെ പ്രതി മരിച്ച സംഭവം; അമ്പിളിക്കല കൊവിഡ് സെന്ററിനെതിരെ അന്വേഷണം

തൃശൂരിൽ കൊവിഡ് സെന്ററിൽ കഞ്ചാവ് കേസ് പ്രതി മരിച്ചസംഭവത്തിൽ അമ്പിളിക്കല കൊവിഡ് സെന്ററിനെതിരെ അന്വേഷണം. നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുക. പ്രതി ഷമീറിനെ കൊവിഡ് കെയർ സെന്ററിൽ എത്തിച്ചപ്പോൾ ഉണ്ടായിരുന്നവരാണിവർ. ഷമീറിന്റെ ഭാര്യ ഉൾപ്പടെ മറ്റ് മൂന്ന് പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഷമീറിന് ക്രൂര മർദമേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്ന് പോയിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കഞ്ചാവ് കേസിൽ പിടികൂടിയ തിരുവനന്തപുരം സ്വദേശി ഷമീറാണ് കൊവിഡ് സെന്ററിൽ മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. തൃശൂരിലെ അമ്പിളിക്കല കൊവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കെയാണ് മരണം. കൊവിഡ് സെന്ററിൽ നിരീക്ഷണത്തിലിരിക്കെ ഷമീറിന് അപസ്മാരം വന്നുവെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഇത് കൂടെയുണ്ടായിരുന്ന പ്രതികൾ തള്ളിയിരുന്നു. ഷമീറിന് കൊവിഡ് സെന്ററിൽ മർദനമേറ്റിരുന്നുവെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ.
Story Highlights – probe against officers ganja case culprit death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here