ആറാം വിക്കറ്റിൽ തെവാട്ടിയ-പരഗ് വെടിക്കെട്ട്; രാജസ്ഥാന് ആവേശജയം

rr srh won ipl

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് ആവേശജയം. അവസാന ഓവർ വരെ ആവേശം നീണ്ട മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാൻ ഹൈദരാബാദിനെ കീഴ്പ്പെടുത്തിയത്. 45 റൺസെടുത്ത രാഹുൽ തെവാട്ടിയ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. റിയൻ പരഗ് 42 റൺസെടുത്തു. ഹൈദരാബാദിനു വേണ്ടി റാഷിദ് ഖാനും ഖലീൽ അഹ്മദും രണ്ട് വിക്കറ്റ് വീതം വീശ്ത്തി.

Read Also : വിമൻസ് ഐപിഎൽ നവംബറിൽ: ടൂർണമെന്റിൽ തായ്‌ലൻഡ് താരവും; ഷാർജ വേദിയാകും എന്ന് റിപ്പോർട്ട്

കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഓപ്പണിംഗ് ജോഡിയെയാണ് രാജസ്ഥാൻ പരീക്ഷിച്ചത്. ബെൻ സ്റ്റോക്സും സ്റ്റീവ് സ്മിത്തും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനുള്ള തീരുമാനം രണ്ടാം ഓവറിൽ തന്നെ തിരിച്ചടിച്ചു. സ്റ്റോക്സ് (5) ഖലീൽ അഹ്മദിൻ്റെ പന്തിൽ പ്ലെയ്ഡ് ഓണായി മടങ്ങി. പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്ത് (5) റണ്ണൗട്ടായതോടെ രാജസ്ഥാൻ പതറി. ബട്‌ലറിനും ഏറെ ആയുസുണ്ടായില്ല. 16 റൺസെടുത്ത ഇംഗ്ലണ്ട് താരം ഖലീൽ അഹ്മദിൻ്റെ പന്തിൽ ജോണി ബെയർസ്റ്റോയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു.

നാലാം വിക്കറ്റിൽ റോബിൻ ഉത്തപ്പയും സഞ്ജു സാംസണും ചേർന്നാണ് രാജസ്ഥാനെ കളിയിലേക്ക് തിരികെ എത്തിച്ചത്. എന്നാൽ റാഷിദ് ഖാൻ ഈ കൂട്ടുകെട്ട് തകർത്തു. 18 റൺസ് എടുത്ത ഉത്തപ്പ റാഷിദിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. കഴിഞ്ഞ മത്സരങ്ങളിലേതു പോലെ വിക്കറ്റ് വലിച്ചെറിയാതെ പിടിച്ചു നിന്ന സഞ്ജുവിനെയും റാഷിദ് തന്നെയാണ് പുറത്താക്കിയത്. 26 റൺസെടുത്ത മലയാളി താരം ജോണി ബെയർസ്റ്റോയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു.

Read Also : ഐപിഎൽ മാച്ച് 26: സൺറൈസേഴ്സിനു ബാറ്റിംഗ്; നാല് മാറ്റങ്ങളുമായി രാജസ്ഥാൻ

ആറാം വിക്കറ്റിൽ ഒത്തുചേർന്ന റയൻ പരഗ്-രാഹുൽ തെവാട്ടിയ സഖ്യം ചില കൂറ്റൻ ഷോട്ടുകളിലൂടെ രാജ്സ്ഥാന് വീണ്ടും പ്രതീക്ഷ നൽകി. റാഷിദ് ഖാനെ അടക്കം ആക്രമിച്ച ഇവർ അവസാന ഓവറുകളിൽ ഇടിത്തീ ആയതോടെ രാജസ്ഥാൻ വിജയം മണക്കാൻ തുടങ്ങി. അവസാന ഓവറിൽ 8 റൺസ് ആയിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. ഖലീൽ അഹ്മദ് എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നു. അഞ്ചാം പന്തിൽ സിക്സർ നേടി റിയൻ പരഗ് ആണ് രാജസ്ഥാൻ്റെ വിജയറൺ കുറിച്ചത്. പരഗ് (26 പന്തുകളിൽ 42), തെവാട്ടിയ (28 പന്തുകളിൽ 45) എന്നിവർ പുറത്താവാതെ നിന്നു. അപരാജിതമായ 85 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

Story Highlights ipl sunrisers hyderabad lost to rajasthan royals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top