ഫോർട്ടിസ് ആശുപത്രിയിലേക്ക് നഴ്‌സുമാരുടെ നിയമനം എന്ന വാർത്ത വ്യാജം; പകരം നടക്കുന്നത് പണം തട്ടിപ്പ്

fortis hospital recruitment fact check
  • മീനു സി ജോണി

ലോക്ക്ഡൗൺ കാലം തൊഴിൽ മേഖലയിലുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. ഈ സാഹചര്യം മുതലെടുത്താണ് പുതിയ വ്യാജപ്രചാരണവും പണം തട്ടിപ്പും സജീവമായിരിക്കുന്നത്. നഴ്‌സിംഗ് മേഖലയിലേക്കുളള റിക്രൂട്ട്‌മെന്റിന്റെ പേരിൽ സംസ്ഥാനത്ത് അടുത്തിടെയായി നടക്കുന്ന
പണം തട്ടിപ്പ് പുറംലോകത്തിന് മുന്നിൽ വെളിപ്പെടുത്തുകയാണ് ട്വന്റിഫോർ.

ബാംഗ്ലൂർ ബാനർഗട്ട റോഡിൽ ഉള്ള ഫോർട്ടിസ് ആശുപത്രിയിലേക്കാണ് തട്ടിപ്പുകാരുടെ പുതിയ നിയമനം. ഐസിയുവിലേക്കും വാർഡുകളിലേക്കും നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്ക് തട്ടിപ്പ് സംഘം ആവശ്യപ്പെടുന്ന പ്രവർത്തിപരിചയം ഒരു വർഷം. ഇന്റർവ്യൂവിനും കൂടുതൽ വിവരങ്ങൾക്കുമായി നേരിട്ട് ബന്ധപ്പെടാനുള്ള രണ്ട് നമ്പറുകളും പ്രചരിക്കുന്ന പോസ്റ്റിന് ഒപ്പമുണ്ട്. ഫോർട്ടിസ് നിയമിച്ചിട്ടുള്ള അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസി എന്ന വ്യാജേനയാണ് സംഘത്തിന്റെ പ്രവർത്തനം. വിശ്വാസ്യതയ്ക്കായി ആശുപത്രിയുടെ പേര്, ലോഗോ, വെബ്‌സൈറ്റ് ലിങ്ക് എന്നിവ കൂടി ഉപയോഗിച്ചിട്ടുണ്ട്.

തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം

കെയർ നഴ്‌സ് റിക്രൂട്ട്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിൽ ഒക്ടോബർ രണ്ടിന് പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്. വാട്ട്‌സാപ്പ് വഴി സന്ദേശമയക്കാനുള്ള ലിങ്കും നേരിട്ട് ബന്ധപ്പെടാനുള്ള നമ്പറുകളും പോസ്റ്റിൽ വ്യക്തമായി നൽകിയിട്ടുണ്ട്. സ്ഥിരീകരണത്തിനായി ട്വന്റിഫോർ പ്രതിനിധി ആദ്യം ചെയ്തത് ലഭ്യമായ ലിങ്ക് വഴി വാട്ട്‌സാപ്പ് സന്ദേശം അയക്കുകയാണ്. സന്ദേശത്തിന് മിനിറ്റുകൾക്കകം മറുപടി ലഭിച്ചു. അവരുടെ നിർദേശമനുസരിച്ച് നമ്പറിൽ നേരിട്ട് ബന്ധപ്പെട്ടു. പേര്, പഠിച്ച കോളജ്, പ്രവർത്തി പരിചയം തുടങ്ങി അടിസ്ഥാന വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് രജിസ്‌ട്രേഷൻ ഫീസ് ആവശ്യപ്പെട്ടു. അഭിമുഖം നേരിട്ടാണോ എന്ന ചോദ്യത്തിന് ലഭിച്ച വിശദീകരണമിങ്ങനെ : ‘വളരെ എളുപത്തിലുള്ള ഇന്റർവ്യു ആയിരിക്കും. ബയോഡേറ്റയും, മറ്റ് ഡോക്യുമെന്റ്‌സും എയക്കുക. 500 രൂപ രജിസ്‌ട്രേഷൻ ഫീസും അടയ്ക്കണം.’

fortis hospital recruitment fact check

രജിസ്‌ട്രേഷൻ ഫീസ് ലഭിച്ച് കഴിഞ്ഞാൽ വാട്‌സാപ്പ് വഴി അഭിമുഖം. പിന്നീട് വിവിധയിനങ്ങളിലായി 8000 രൂപയോളം ഫീസ്. ഒടുവിൽ അപേക്ഷകൻ ആവശ്യപ്പെട്ട ആശുപത്രിയിലെ ഒഴിവുകളിലേക്കുള്ള നിയമനം കഴിഞ്ഞുവെന്ന് വിശദീകരണം നൽകും. ഇതോടെ നൽകിയ തുകയുമില്ല, ജോലിയുമില്ലാത്ത അവസ്ഥയിലെത്തുമ്പോഴാണ് മിക്കവരും ഇത് തട്ടിപ്പാണെന്ന സത്യം മനസിലാക്കുന്നത്.

ഫോർട്ടിസിൽ ഇത്തരമൊരു നിയമനം നടത്തുന്നില്ല

എന്നാൽ ഫോർട്ടിസ് ആശുപത്ര ഇത്തരത്തിലൊരു നിയമനം നടത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല, ആശുപത്രി അധികൃതർ നടത്തുന്ന നിയമനത്തിനായി പണവും ഈടാക്കില്ല. തട്ടിപ്പ് സംഘത്തെക്കുറിച്ച് ആശുപത്രിയുടെ വൈബ്‌സൈറ്റിലും കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഫോർട്ടിസ് ഔദ്യോഗികമായി നൽകിയ ഈ വിവരം പോലും പൂർണമായി നിഷേധിക്കുകയാണ് ഏജൻസി ചെയ്തത്. വീണ്ടും ബന്ധപ്പോൾ ഏജൻസിയിൽ നിന്ന് ലഭിച്ച മറുപടി :’ ബാനർഗട്ട റോഡിൽ ഉള്ള ഫോർട്ടിസിൽ നിയമനം നടക്കുന്നുണ്ട്. ഇന്നലെയും ഒരു കാൻഡിഡേറ്റ് സെലക്ടായി’.

ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണം

തട്ടിപ്പുകൾ ആവർത്തനമാകുമ്പോൾ തൊഴിൽ അന്വേഷകർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. തൊഴിൽ സ്ഥാപനം, ആശപത്രി എന്നിവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അവരുടെ ഔദ്യോഗിക ഫോൺ നമ്പറോ, മെയിൽ ഐഡിയോ കണ്ടെത്തി ഇത്തരമൊരു നിയമനം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് നോർക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മാനേജർ അജിത്ത് കോളശ്ശേരി പറയുന്നു. . ഒപ്പം അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളെ മാത്രം തൊഴിലനായി ബന്ധപ്പെടാം.

Story Highlights fortis hospital recruitment fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top