കേരളത്തിൽ ജോലി കിട്ടുമെന്ന് പ്രതീക്ഷയില്ല; പ്രധാനമന്ത്രിയെ കാണാൻ നാടുവിട്ട യുവതിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ നാടുവിട്ട മലയാളി യുവതിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തി. കേരളത്തിൽ നിന്നാൽ ജോലി കിട്ടുമെന്ന പ്രതീക്ഷ നശിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയെ കാണാൻ ഡൽഹിക്ക് പുറപ്പെട്ട യുവതിയെയാണ് വിജയവാഡ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിയായ മുപ്പത്തിമൂന്നുകാരിയെയാണ് റെയിൽവേ പൊലീസിൻ്റെ സഹായത്തോടെ കണ്ടെത്തിയത്.
Read Also : കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
എംഎ, ബിഎഡ് ബിരുദധാരിയായ യുവതി പല തവണ പിഎസ്സി പരീക്ഷകൾ എഴുതിയെങ്കിലും റാങ്ക് ലിസ്റ്റിൽ ഇടം ലഭിച്ചില്ല. ഇവർക്ക് ഇതിൻ്റെ മനോവിഷമം ഉണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ആയതുകൊണ്ട് തന്നെ ജോലി അത്യാവശ്യമായിരുന്നു. മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. കുട്ടികൾക്ക് ട്യൂഷനെടുത്താണ് ഇവർ കഴിഞ്ഞിരുന്നത്. പല വഴികൾ പരീക്ഷിച്ച് എല്ലാം പരാജയപ്പെട്ടതോടെ ഇനിയും കേരളത്തിൽ തുടർന്നാൽ ജോലി ലഭിക്കില്ലെന്ന് കരുതിയാണ് പ്രധാനമന്ത്രിയെ കാണാൻ രണ്ട് ദിവസം മുൻപ് വീടുവിട്ടത്.
കഴിഞ്ഞ ദിവസം യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ അഞ്ചുതെങ്ങ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് യുവതി ന്യൂഡൽഹിക്ക് ടിക്കറ്റ് എടുത്തതായി കണ്ടെത്തി. തുടർന്ന് റെയിൽവേ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. ഇവരെ ഇന്ന് നാട്ടിലെത്തിക്കും.
Story Highlights – Woman, who had fled to meet Narendra Modi, was found in Vijayawada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here