മൃഗശാലയിൽ കടുവകൾക്ക് ബീഫ് നൽകരുത്; വിചിത്ര പ്രതിഷേധവുമായി ബിജെപി
മൃഗശാലയിലെ കടുവകൾക്ക് ബീഫ് നൽകരുതെന്ന വിചിത്ര പ്രതിഷേധവുമായി ബിജെപി. അസം ബിജെപി നേതാവ് സത്യ രഞ്ജൻ ബോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധം നടത്തിയത്. അസമിലെ ഗുവാഹത്തിയിലുള്ള മൃഗശാലയിലേക്ക് മാർച്ച് നടത്തിയ ഇവർ ബീഫ് വഹിച്ചുകൊണ്ട് ഉള്ളിലേക്ക് പോകുന്ന വാഹനങ്ങൾ തടയാൻ ശ്രമിക്കുകയും മെയിൻ ഗേറ്റ് ഉപരോധിക്കുകയും ചെയ്തു. ഇവരെ പിന്നീട് പൊലീസ് നീക്കം ചെയ്യുകയായിരുന്നു.
ആൻ്റി ബീഫ് ആക്ടിവിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സത്യ രഞ്ജൻ ബോറയുടെയും സംഘത്തിൻ്റെയും പ്രതിഷേധം. “ഹിന്ദു സമൂഹത്തിൽ പശുക്കളെ സംരക്ഷിക്കുന്നതിന് നമ്മൾ മുൻഗണന നൽകുന്നു. പക്ഷേ, മൃഗശാലയിലെ ജന്തുക്കൾക്ക് ഭക്ഷണമെന്ന പേരിൽ സർക്കാർ തന്നെ ബീഫ് വിതരണം ചെയ്യുന്നു. ഞങ്ങളുടെ ചോദ്യം എന്നാൽ, എന്തിന് ബീഫ് നൽകുന്നു? എന്തുകൊണ്ട് മറ്റ് മാംസം നൽകിക്കൂടാ? മൃഗശാലയിലുള്ള മ്ലാവുകളുടെ ജനസംഖ്യ അധികമാണ്. പ്രജനനം നടക്കാതിരിക്കാൻ പുരുഷ മ്ലാവുകളെ മാറ്റി പാർപ്പിക്കാറുണ്ടല്ലോ. മ്ലാവുകളെ കടുവകൾക്ക് ഭക്ഷിക്കാൻ നൽകിയാൽ മൃഗശാലയ്ക്ക് സ്വയം പര്യാപ്തത നേടാനും കഴിയും.”- സത്യ രഞ്ജൻ പറഞ്ഞു.
Read Also : ഖുശ്ബു ബിജെപിയിൽ ചേർന്നു
സെൻട്രൽ സൂ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള ഭക്ഷണമാണ് മൃഗശാലയിൽ നൽകുന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തേജസ് മരിസ്വാമി പറഞ്ഞു. നിയമപ്രകാരം മൃഗശാലയിലെ മൃഗങ്ങളെ മാസംഭുക്കുകൾക്ക് ഭക്ഷണമായി നൽകാൻ പാടില്ല. തന്നെയുമല്ല, മ്ലാവ് ഒരു വന്യജീവിയാണ്. വന്യജീവികളെ കൊല്ലാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മ്ലാവുകൾ വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണ്. അവയെ സംരക്ഷിക്കണമെന്നാണ് രാജ്യാന്തര ചട്ടം.
Story Highlights – BJP Protests, Says No Beef For Tigers At Zoo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here