Advertisement

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ 10 തരം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ [24 Explainer]

October 14, 2020
Google News 2 minutes Read
number plate

ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ശ്രദ്ധിച്ചിട്ടില്ലേ? ഓരോ നമ്പര്‍ പ്ലേറ്റും വ്യത്യസ്ത ഉപയോഗത്തിനാണ്. രാജ്യത്ത് വാഹനം ഏതു നിലയ്ക്കാണ് ഉപയോഗിക്കുന്നത് എന്നതിനെ സൂചിപ്പിക്കാനാണ് വിവിധ നിറത്തിലുള്ള നമ്പര്‍പ്ലേറ്റുകള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ പച്ചനിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് വാഹനത്തില്‍ ഉപയോഗിച്ചിരുക്കുന്ന ഇന്ധനത്തെ സൂചിപ്പിക്കുന്നു. വൈദ്യുത വാഹനങ്ങള്‍ക്കാണ് പച്ച നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ അനുവദിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ 10 തരത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. വെളുത്ത ബോര്‍ഡില്‍ കറുപ്പു നിറത്തിലുള്ള എഴുത്തുകള്‍ സ്വകാര്യ യാത്രാ വാഹനങ്ങളെ സൂചിപ്പിക്കുന്നു. മഞ്ഞ ബാക്ക്ഗ്രൗണ്ടിലുള്ള കറുത്ത എഴുത്ത് ടാക്‌സി, വാണിജ്യ വാഹനങ്ങളുടേതാണ്. പച്ച ബോര്‍ഡിലെ മഞ്ഞ അക്ഷരങ്ങള്‍ വൈദ്യുതി ഉപയോഗിച്ചുള്ള ട്രാന്‍സ്‌പോര്‍ട്ട് ടാക്‌സി വാഹനങ്ങളുടെയും പച്ച ബാക്ക് ഗ്രൗണ്ടിലെ വെളുത്ത അക്കങ്ങള്‍ പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് വൈദ്യുത വാഹനങ്ങളെയും സൂചിപ്പിക്കുന്നു. 2018 ഓഗസ്റ്റില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പച്ച നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചു തുടങ്ങിയത്.

താല്‍ക്കാലിക റജിസ്‌ട്രേഷന്‌പേപ്പര്‍ പ്രിന്റ് ഇല്ല

പുതിയ വാഹനം വാങ്ങുമ്പോള്‍ ലഭിക്കുന്ന താത്കാലിക റജിസ്‌ട്രേഷന് സ്റ്റിക്കര്‍ ഒട്ടിക്കുന്ന പരിപാടി ഇനിയില്ല. പേപ്പര്‍ പ്രിന്റ് നമ്പര്‍ പ്ലേറ്റുകള്‍ക്കു പകരം കളര്‍ കോഡ് നമ്പര്‍ പ്ലേറ്റുകളാണ് ലഭിക്കുക. മഞ്ഞ ബാക്ക്ഗ്രൗണ്ടില്‍ ചുവന്ന അക്കങ്ങളുള്ള നമ്പര്‍ പ്ലേറ്റുകളാണ് താത്കാലിക റജിസ്‌ട്രേഷന് ഉപയോഗിക്കേണ്ടത്. വാഹന ഡീലര്‍മാര്‍ക്ക് ചുവപ്പ് ബാക്ക്ഗ്രൗണ്ടില്‍ വെളുത്ത അക്കങ്ങളുള്ള നമ്പര്‍പ്ലേറ്റും റെന്റല്‍ വാഹനങ്ങള്‍ക്കു കറുപ്പില്‍ മഞ്ഞ അക്കങ്ങളുള്ള നമ്പര്‍ പ്ലേറ്റുമാണ് ഉണ്ടാകുക. രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കു രാജ്യത്തിന്റെ ഔദ്യോഗികമുദ്രയുള്ള ചുവപ്പ് നമ്പര്‍ പ്ലേറ്റും കോണ്‍സുലേറ്റ്, ഡിപ്ലോമാറ്റിക് വാഹനങ്ങള്‍ക്കു നീല നമ്പര്‍ പ്ലേറ്റുമാണ് ഉപയോഗിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വാഹനങ്ങള്‍ക്കും പ്രത്യേക നമ്പര്‍ പ്ലേറ്റ് ഉണ്ട്.

വാഹനതട്ടിപ്പുകള്‍ തടയാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്. 2019 ഏപ്രില്‍ മുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റും (High-security number plate) ഗ്ലാസില്‍ ഒട്ടിക്കാനുള്ള തേര്‍ഡ് റജിസ്‌ട്രേഷന്‍ മാര്‍ക്കും വാഹന നിര്‍മാതാക്കള്‍ നിയോഗിച്ച ഡീലര്‍മാരാണ് ഘടിപ്പിച്ചു നല്‍കുക. പ്ലേറ്റ് ഘടിപ്പിച്ചശേഷം ആ ഡേറ്റ വാഹന്‍ സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ആര്‍ടി ഓഫിസില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) പ്രിന്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാര്‍ജും വാഹന വിലയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ പ്രത്യേക ചാര്‍ജ് ഈടാക്കുന്നില്ല.

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ്

ഒരു എംഎം കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍. ടെസ്റ്റിംഗ് ഏജന്‍സി ടെസ്റ്റ് ചെയ്ത് പാസാക്കിയതും AIS:159:2019 പ്രകാരം നിര്‍മിച്ചവയുമാണിവ. പ്ലേറ്റിന്റെ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ എംബോസ്ഡ് (embossed) ബോര്‍ഡറും ഉണ്ട്. വ്യാജ പ്ലേറ്റുകള്‍ ഉണ്ടാക്കുന്നതു തടയാനായി 20 x 20 എംഎം സൈസിലുള്ള ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ മുകളില്‍ ഇടതു ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഹോളോഗ്രാമില്‍ നീല നിറത്തില്‍ അശോകചക്രം ഉണ്ട്.

പ്ലേറ്റുകള്‍ക്ക് അഞ്ച് വര്‍ഷം ഗാരന്റി നല്‍കുന്നുണ്ട്. ഇടതു ഭാഗത്തു താഴെയായി 10 അക്ക ലേസര്‍ ബ്രാന്‍ഡ് ഐഡന്റിഫിക്കേഷന്‍ നമ്പറുണ്ട്. വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ ഇന്ത്യ എന്ന് 450 ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിംഗ് ഫിലിം ഉണ്ട്. പ്ലേറ്റില്‍ ഇടതുഭാഗത്തു നടുവിലായി IND എന്ന് നീല കളറില്‍ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഈ പ്ലേറ്റുകള്‍ ഊരിമാറ്റാനാവാത്തവിധവും ഊരിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്തവിധവും സ്‌നാപ് ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.

Story Highlights Types Of Number Plates In India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here