Advertisement

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കല്‍; 432 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി

October 17, 2020
Google News 2 minutes Read

സര്‍വീസില്‍ നിന്ന് വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 432 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. 385 ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തത്. കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാല്‍ തന്നെയാണ് കര്‍ശനമായ നടപടി സ്വീകരിച്ചത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി ജോലിക്ക് ഹജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അനധികൃതമായി വിട്ടുനിന്ന പ്രബേഷനന്‍മാരും സ്ഥിരം ജിവനക്കാരുമായ 385 ഡോക്ടര്‍മാരേയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്. ഇതിന് പുറമേ അനധികൃതാവധിയിലായ 5 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്പെക്ടര്‍, 20 സ്റ്റാഫ് നഴ്സുമാര്‍, 1 നഴ്സിംഗ് അസിസ്റ്റന്റ്, 2 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്നീഷ്യന്‍മാര്‍, 2 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.

തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംസ്ഥാനത്ത് അനേകം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് പിന്നാലെയാണ് കൊവിഡ് മഹാമാരിയും സംസ്ഥാനത്ത് വ്യാപകമായത്. ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. കൂടുതല്‍ മികവുറ്റ ആരോഗ്യ സേവനദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമിതരായ ഇത്രയേറെ ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. സര്‍വീസില്‍ പ്രവേശിക്കുന്നതിന് നിരവധി തവണ അവസരം നല്‍കി സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ മറുപടി നല്‍കിയതും ജോലിയില്‍ പ്രവേശിച്ചതും വളരെ കുറച്ച് പേരാണ്. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights Health Minister orders dismissal of 432 employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here