മനുഷ്യ സ്‌നേഹിയായ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

മലങ്കര സഭയെ പൗരസ്ത്യ രീതിയിൽ നവീകരിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ട ശക്തനായ വക്താവായിരുന്നു ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. 13 വർഷത്തോളം സഭയെ നയിച്ച മെത്രാപ്പൊലീത്ത നാഷണൽ ചർച്ചസ് ഓഫ് കൗൺസിലിന്റെ അധ്യക്ഷ പദവിയുൾപ്പെടെ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

മലങ്കര സഭയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മൽപാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായാണ് ജനനം. പി. ടി. ജോസഫ് എന്നായിരുന്നു ആദ്യനാമം.1957 ഒക്ടോബർ 18-ന് വൈദീക പട്ടം സ്വീകരിച്ചു. റാന്നി, കോഴിക്കോട്, കുണ്ടറ, മദ്രാസ് ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാർ ഐറേനിയോസ് എന്ന അഭിനാമത്തിൽഎപ്പിസ്‌ക്കോപ്പയായും അഭിഷിക്തനായി. 1999 മാർച്ച് 15-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടപ്പോൾ മാർത്തോമ മെത്രാപ്പോലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപ്പോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് സഭയുടെ അടുത്ത മെത്രാപ്പോലീത്തയായി ‘ജോസഫ് മാർത്തോമ്മ’ എന്ന പേരിൽ മാർ ഐറെനിയോസ് നിയോഗിതനായി.

കേരള കൗൺസിൽ ഓഫ് ചർച്ചസ്, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ, ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസ്, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് തുടങ്ങിയ ക്രൈസ്തവ നേതൃസംഘടനകളെ നയിച്ചിട്ടുണ്ട്. സിഎസ്‌ഐ സിഎൻഐ മാർത്തോമ്മാ സഭ ഐക്യസമിതിക്ക് നേതൃത്വം നൽകി. സഭാ അധ്യക്ഷനായിരുന്ന കാലയളവിൽ തിരുവനന്തപുരത്ത് മാർത്തോമ്മാ റസിഡൻഷ്യൽ സ്‌കൂൾ, കൊല്ലം ആയൂരിൽ മാർത്തോമ്മാ കോളജ് ഓഫ് ടെക്‌നോളജി, അഞ്ചൽ ഐടിസി തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും തുടക്കം കുറച്ചു.

ദളിത് ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി ഡൽഹിയിൽ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ലാത്തൂർ, ഒറീസ, ഗുജറാത്ത്, ബംഗാൾ, ആന്ധ്ര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭൂകമ്പവും പ്രളയവും ഉണ്ടായപ്പോൾ സഹായവുമായി ഓടി എത്താനും അദ്ദേഹം മടിച്ചില്ല. സൂനാമി ദുരിതാശ്വാസ പ്രവർത്തനത്തിൽ മാർത്തോമ്മാ സഭ നടത്തിയ ഇടപെടലുകൾ ദുരിതബാധിതർക്ക് ആശ്വാസമായി.

Story Highlights Dr. Joseph Marthoma Metropolitan, Father of the Reformation of the Malankara Church

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top