ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള അനുശോചനം രേഖപ്പെടുത്തി. ക്രിയാശക്തിയും ജ്ഞാന ശക്തിയും ഇച്ഛാശക്തിയും സംഗമിച്ച സ്ഥിതപ്രജ്ഞനായ കര്‍മ്മയോഗിയെയാണ് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ ജോസഫ് മെത്രാപ്പൊലീത്തയുടെ വേര്‍പാടോടെ നഷ്ടമായതെന്ന് പി എസ് ശ്രീധരന്‍ പിള്ള അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Read Also : ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
സാമൂഹ്യ സേവനവും ആത്മീയതയിലൂന്നിയ മനുഷ്യ നിര്‍മിതിയും ജീവിതവൃതമാക്കിയ അദ്ദേഹം കഠിനാദ്ധ്വാനവും നിരന്തരയാത്രയും നടത്തി മാര്‍ത്തോമ സഭയെ ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ ശമിച്ച വ്യക്തിത്വത്തിന്നുടമയാണ്. എഴുത്തിന്റെ വീഥിയില്‍ എന്നും അദ്ദേഹം പ്രോത്സാഹനം നല്‍കിയിരുന്നു. 2016 ല്‍ ചെങ്ങന്നൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരിക്കെ പുസ്തകം പ്രകാശനം ചെയ്യാന്‍ അദ്ദേഹം തയ്യാറായത് ഓര്‍ക്കുന്നുവെന്നും ശ്രീധരന്‍ പിള്ള.
ഇന്ത്യന്‍ ജനതയുടെ സപ്ത സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ടപ്പോള്‍ അടിയന്തരാവസ്ഥക്കെതിരെ ശബ്ദമുയര്‍ത്തുകയും അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന് ധീരമായി ആവശ്യപ്പെടുകയും ചെയ്ത മതനേതാക്കളില്‍ പ്രഥമഗണനീയനാണ് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രി പദം ഏറ്റെടുത്ത സത്യപ്രതിജ്ഞാച്ചടങ്ങില്‍ തന്നോടൊപ്പമാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് വന്നത്. ജീവിതത്തിലുടനീളം തളര്‍ച്ചയറിയാത്ത ഒരു പോരാളിയായിരുന്നു മെത്രാപ്പൊലീത്ത. കൊറോണ ശമിച്ച ശേഷം മിസോറാമില്‍ വരാമെന്നും രാജ്ഭവനില്‍ അതിഥിയായി താമസിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നത് നടപ്പാക്കാനാവാതെ പോയതില്‍് വേദനയുണ്ടെന്നും മിസോറാം ഗവര്‍ണര്‍.
Story Highlights – ps sreedharan pilla, joseph marthoma methrapolitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here