Advertisement

‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’എന്ന മുഖ്യമന്ത്രിയുടെ പരാമർശം; ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ച് പി.എസ് ശ്രീധരൻപിള്ള

February 11, 2024
Google News 3 minutes Read
ps sreedharanpillai fb post against pinarayi vijayan

‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയുടെ വിമർശനം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരേയും താനുൾപ്പെടുന്ന ഗവർണർമാരേയുമാണ് മുഖ്യമന്ത്രി അവഹേളിച്ചതെന്നാണ് പി.എസ് ശ്രീധരൻപിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്. ക്രൈസ്തവ സഭകളുമായി തനിക്ക് എടുത്ത ബന്ധമാണുള്ളതെന്നും പി.എസ് ശ്രീധരൻപിള്ള ഫേസ്ബുക്കിൽ കുറിച്ചു. ( ps sreedharanpillai fb post against pinarayi vijayan )

കഴിഞ്ഞ ദിവസം ഇന്ത്യൻ പെന്തകോസ്ത് ദൈവസഭയുടെ വാർഷിക സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശമാണ് പി.എസ് ശ്രീധരൻപിള്ളയെ പ്രകോപിപ്പിച്ചത്. മണിപ്പൂർ വിഷയമുൾപ്പെടെ മുൻനിർത്തിയുള്ള വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. ആട്ടിൻതോലിട്ട ചെന്നായ്ക്കൾ ചിലർ നിങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനെതിരായാണ് പി.എസ് ശ്രീധരൻ പിള്ളയുടെ പോസ്റ്റ്.

‘ഞങ്ങളുടെ ആശയത്തെ എതിർക്കാനും വിമർശിക്കാനും ഏവർക്കും അവകാശമുണ്ട് അതാണല്ലോ ജനാധിപത്യത്തിന്റെ നട്ടെല്ല്. എന്നാൽ, എതിരാളികളെ ‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’ എന്ന് അപഹസിച്ച് വിളിച്ചത് ഒട്ടും ശരിയല്ലെന്ന പക്ഷക്കാരനാണ് ഞാൻ. ആത്മീയവേദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിളവെടുപ്പിനുള്ള ഇടമല്ല’ പി.എസ് ശ്രീധരൻപിള്ള കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

ബഹു. കേരളമുഖ്യമന്ത്രിയുടെ അറിവിലേക്ക്,

__________________________

കഴിഞ്ഞ മാസം മധ്യത്തിൽ കുമ്പനാട് നടന്ന IPC നൂറാം വാർഷിക സമ്മേളനത്തിൽ, അങ്ങ് എഴുതി തയ്യാറാക്കി അവതരിപ്പിച്ച പ്രസംഗത്തിൽ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ നിങ്ങളെ വേട്ടയാടാൻ വരുന്നുവെന്നും കരുതിയിരിക്കണമെന്നും പ്രസ്താവിച്ചിരുന്നു. ഭാരതത്തിന്റെ ആദരണീയരായ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെയും ഞാനുൾപ്പെടെയുള്ള ഗവർണർമാരടക്കമുള്ളവരെയുമാണ് ചെന്നായ്ക്കൾ എന്ന പദ പ്രയോഗത്തിലൂടെ അങ്ങ് വിവക്ഷിച്ചതെന്ന് വ്യക്തമാവുന്നു. മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾ ഒരാത്മീയ വേദിയിൽ ഇത്തരമൊരു പ്രയോഗം നടത്തിയത് ഒട്ടും ഉചിതമായില്ലെന്ന് പലരും എന്നോട് അഭിപ്രായപ്പെടുകയുണ്ടായി. പിറ്റേ ദിവസത്തെ എന്റെ അവിടത്തെ പ്രസംഗത്തിന് മുൻപ് ഭാരതത്തിന്റെ ആദരണീയനായ പ്രധാനമന്ത്രിക്കും ഭാരത ഭരണകൂടത്തിനും വേണ്ടി പ്രത്യേകപ്രാർത്ഥന നടത്തിയത് താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കരുതുന്നു. ഇതിന് ശേഷം കേരളത്തിലെ എല്ലാ ക്രിസ്ത്യൻ വിശ്വാസ സഭകളും അവരുടെ പ്രധാന സമ്മേളനങ്ങൾ സംഘടിപ്പിച്ചപ്പോൾ എന്നെ സ്നേഹപുരസ്സരം മുഖ്യാതിഥിയായും ഉദ്ഘാടകനായും ക്ഷണിച്ചു എന്നുള്ളതും അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാഗ്രഹിക്കുന്നു. സ്നേഹവും വിശ്വാസവും ഹൃദയപരമായ അടുപ്പവും ഉള്ളതുകൊണ്ടാണ് താഴെ പറയുന്ന വിശ്വാസി സംഘടനകൾ എനിക്ക് ഈ അംഗീകാരം നൽകിയതെന്ന് ഞാൻ വിനയപൂർവം കരുതുന്നു.

(1) ഓർത്തഡോക്സ് സഭയുടെ ഉള്ളന്നൂർ പള്ളി 125ാം വാർഷികം. (പരമ വന്ദ്യനായ പരുമല തിരുമേനി സ്ഥാപിച്ചത്.)

2. ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ (സുൽത്താൻ ബത്തേരി )

3. കാഞ്ഞിരപ്പള്ളി രൂപതാ സ്കൂൾ സുവർണ്ണ ജൂബിലി.

4. മാർത്തോമ പാരിഷ്, കണ്ണംകോട്

130 മത് വാർഷികാഘോഷം

5. കണ്ണൂർ ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ പരിപാടി

6. കോട്ടയം ദീപിക 138 മത് വാർഷികാഘോഷം

7. പാലാ രൂപതയുടെ മെഡിസിറ്റ് ബ്ലോക്ക് ഉൽഘാടനം

8. മാർത്തോമ മെത്രാപ്പൊലീത്ത 75 മത് ജന്മദിനാഘോഷം വിസ്താരഭയത്താൽ ഇവിടെ ഇത്രമാത്രം.

ഞാൻ പങ്കെടുത്ത മറ്റ് ചില പരിപാടികളുടെ പട്ടിക ഇവിടെ ചേർക്കട്ടെ:

ഫെബ്രു. 8 ന് മൈസൂരിനടുത്ത് നടന്ന ലിംഗായത്ത് സമുദായത്തിന്റെ സുത്തൂർ മഠ രഥോത്സവം,

പോണ്ടിച്ചേരി അരബിന്ദോ ആശ്രമത്തിൽ നടന്ന പരിപാടി, കോഴിക്കോട് സർവ്വശ്രീ പി.വി ചന്ദ്രൻ, പി. കെ അഹമ്മദ്, സി. എ ചാക്കുണ്ണി, മുസ്തഫ മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ എല്ലാ മതവിഭാഗങ്ങളും ചേർന്ന് രൂപം കൊടുത്ത മലബാർ ഇനിഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചത് ഞാനായിരുന്നു. കോൺഗ്രസ്സ്, സി.പി.എം, മുസ്ലീം ലീഗ്, ഐ.എൻ.എൽ പാർട്ടികളുടെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരും അതിൽ പങ്കെടുത്തിരുന്നു. സമ്മേളനത്തിന്റെ സ്വാഗത പ്രസംഗത്തിൽ ശ്രീ പി.കെ അഹമ്മദ് പറഞ്ഞത് “സംഘടനയുടെ ഉദ്ഘാടനത്തെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചപ്പോൾ ഏകസ്വരത്തിൽ ഉയർന്നുവന്ന ഏകപേര് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെതായിരുന്നു” എന്നാണ്.

ഇങ്ങനെ എല്ലാവരും ഒരേ സ്വരത്തിൽ എന്റെ പേര് പരിഗണിച്ചത് എനിക്ക് കൈവന്ന വ്യക്തിപരമായ അംഗീകാരമെന്നതിനേക്കാൾ ഞാൻ പ്രതിനിധാനം ചെയ്യുന്ന സർവധർമ സമഭാവന എന്ന മഹത്തായ ആശയത്തിനാണ് അവകാശപ്പെട്ടതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഞങ്ങളുടെ ആശയത്തെ എതിർക്കാനും വിമർശിക്കാനും ഏവർക്കും അവകാശമുണ്ടല്ലോ. അതാണല്ലോ ജനാധിപത്യത്തിന്റെ നട്ടെല്ല്. എന്നാൽ, എതിരാളികളെ ‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’ എന്ന് അപഹസിച്ച് വിളിച്ചത് ഒട്ടും ശരിയല്ലെന്ന പക്ഷക്കാരനാണ് ഞാൻ. ആത്മീയവേദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിളവെടുപ്പിനുള്ള ഇടമല്ല.

എല്ലാ ന്യൂനപക്ഷ സംഘനകളും പ്രസ്ഥാനങ്ങളും ഈ വിനീതനെ സ്നേഹബുദ്ധ്യാ അവരുടെ പരിപാടികൾക്ക് ക്ഷണിക്കുന്നതും പങ്കെടുപ്പിക്കുന്നതും അവർക്ക് എന്നിലും എന്റെ ആശയധാരയിലുമുള്ള വിശ്വാസവും സ്നേഹവും കൊണ്ടാണ് എന്ന വസ്തുത ഉൾക്കൊള്ളാൻ ഇനിയെങ്കിലും താങ്കൾ മടി കാണിക്കരുത്. വീണ്ടും അങ്ങ്, പുത്തൻ കുരിശിലെ സമ്മേളനത്തിൽ ഇതേ ചെന്നായ പ്രയോഗം നടത്തുകയും അതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മറ്റൊരു ക്രൈസ്തവ സഭ പത്രസമ്മേളനം നടത്തി പ്രതിഷേധിക്കുകയും ചെയ്തതു കണ്ടപ്പോഴാണ് ഇത്തരമൊരു കത്തെഴുതാൻ ഞാൻ നിർബന്ധിതനായത്.

കേരളത്തിന്റെ ബഹു. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അങ്ങ് എല്ലാവരേയും തുല്യമായി പരിഗണിക്കുകയും എല്ലാവർക്കും നീതി നൽകുകയും ചെയ്യേണ്ട ആളാണ്. ഇത്തരം പദപ്രയോഗങ്ങളും കുപ്രചരണങ്ങളും ഇനിയെങ്കിലും നടത്താതിരിക്കാൻ സർവ്വശക്തനായ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.

Story Highlights: ps sreedharanpillai fb post against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here