ഇന്ത്യയിൽ കൊവിഡ് വ്യാപനം ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം

ഇന്ത്യയിൽ കൊവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സംഘം. സെപ്റ്റംബറോടെ രോഗവ്യാപനം മൂർധന്യാവസ്ഥയിലായിരുന്നു. നിലവിലെ കൊവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിച്ചാൽ രോഗം ഫെബ്രുവരിയോടെ പൂർണമായി നിയന്ത്രിക്കാൻ കഴിയുമെന്നും വിദഗ്ധ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

ഹൈദരാബാദ് ഐ.ഐ.ടി പ്രൊഫസർ വിദ്യാസാഗറിന്റെ നേതൃത്വത്തിൽ നിയോഗിച്ച കമ്മിറ്റിയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് കമ്മിറ്റിയെ നിയമിച്ചത്. കൊവിഡ് വ്യാപനം സംബന്ധിച്ച് വിശദമായി പരിശോധിച്ച ശേഷമാണ് വിദഗ്ധ സംഘം കണ്ടെത്തൽ നടത്തിയിരിക്കുന്നത്. സെപ്റ്റംബർ പകുതിയോടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയെന്നും ആ സമയത്ത് സജീവ കൊവിഡ് രോഗികളുടെ എണ്ണം 10.17 ലക്ഷം ആയിരുന്നുവെന്നും കമ്മിറ്റി പറയുന്നു. ഇതിന് ശേഷം രോഗികളുടെ എണ്ണം കുറഞ്ഞു. അടുത്ത മാസങ്ങളിൽ ശൈത്യകാലമായതു കൊണ്ടോ, ഉത്സവകാലമായതിനാലോ രോഗികളുടെ എണ്ണം വർധിച്ചാലും കഴിഞ്ഞ മാസത്തേതിനെക്കാൾ കൂടില്ലെന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ.

ഫെബ്രുവരിയോടെ രാജ്യത്ത് ആകെ രോഗബാധിതരായവരുടെ എണ്ണം ഒരു കോടി ആറ് ലക്ഷമായിരിക്കും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് രാജ്യത്ത് ആകെ 75 ലക്ഷം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

Story Highlights covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top