തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍; ഉദ്ഘാടനം നാളെ

തിരുവനന്തപുരം മെഡിക്കല്‍ കോളജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ പ്രവര്‍ത്തനസജ്ജമായ ഡി.എസ്.എഒ, ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നീ മെഷീനുകളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. വളരെ വിലകൂടിയ പരിശോധനകള്‍ മെഡിക്കല്‍ കോളജില്‍ സാധ്യമാകുന്നത് പാവപ്പെട്ട രോഗികള്‍ക്ക് ഏറെ സഹായകരമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടന്നു വരുന്നത്. 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ആദ്യ ഘട്ടമായി 58.37 കോടി രൂപ കിഫ്ബി വഴി അനുവദിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയും ചെയ്യുന്നു. രണ്ടാംഘട്ടമായി അടുത്തിടെ 194.33 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

ഡി.എസ്.എ.മെഷീന്‍

6 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ അത്യാധുനിക ഡി.എസ്.എ. മെഷീന്‍ സ്ഥാപിച്ചത്. ശരീരത്തിലെ രക്തക്കുഴലുകള്‍ വഴി മാരകരോഗങ്ങള്‍ ചികിത്സിക്കാനുളള സംവിധാനമാണ് ഡി.എസ്.എ മെഷീനിലുളളത്. പക്ഷാഘാതം, തലച്ചോറിലെ രക്തസ്രാവം, വയറിലും അന്നനാളത്തിലുമുണ്ടാകുന്ന അര്‍ബുദരോഗം, മഞ്ഞപ്പിത്തം, രക്തക്കുഴലുകളിലുണ്ടാകുന്ന തടസം ഇങ്ങനെ നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് ഈ ഉപകരണം സഹായകരമാണ്. ഇത്തരം രോഗങ്ങള്‍ക്ക് മേജര്‍ ശസ്ത്രക്രിയ വേണ്ടിടത്ത് ഡി.എസ്.എ. മെഷീന്‍ ഉപയോഗിച്ച് ശരീരത്തിന്റെ അരഭാഗത്ത് ചെറിയ മുറിവുണ്ടാക്കി അതില്‍ക്കൂടി കുഴല്‍ കടത്തി മരുന്നുകള്‍ നല്‍കുന്നതിനും ചികിത്സിക്കുന്നതിനും കഴിയും. അതിനാല്‍ ദീര്‍ഘനാളത്തെ ആശുപത്രി വാസം ഒഴിവാക്കാനാകും.

ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി മെഷീന്‍

65 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി മെഷീന്‍ സ്ഥാപിച്ചത്. എക്സ്റേ ഉപയോഗിച്ച് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തത്സമയം കാണുന്നതിനുളള സംവിധാനമാണ് ഫ്ളൂറോസ്‌കോപ്പി. ഈ സംവിധാനത്തെ ഡിജിറ്റലൈസേഷന്‍ വഴി നവീകരിച്ച് കാണുന്നതിനായാണ് ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി മെഷീന്‍ ഉപയോഗിക്കുന്നത്. സാധാരണ എക്സ്റേ വച്ചു നടുത്തുന്ന ബേരിയം പരിശോധനകള്‍, ഐ.വി.പി. സ്റ്റഡി എന്നിവ യഥാസമയം കാണാന്‍ ഈ ഉപകരണത്തിലൂടെ സാധിക്കും. റേഡിയോളജിസ്റ്റ് നേരിട്ട് ചെയ്യുന്ന ഈ പരിശോധനകള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം ഫിലിമിലാക്കിയാല്‍ മതി. അതിനാല്‍ തന്നെ ഫിലിമിന്റെ ചെലവ് ഒഴിവാക്കാനാകും.

ഡിജിറ്റല്‍ മാമ്മോഗ്രാം മെഷീന്‍

ഒരു കോടി രൂപ വരുന്ന ഡിജിറ്റല്‍ മാമോഗ്രാഫി മെഷീന്‍ റോട്ടറി തിരുവനന്തപുരം ഡിസ്ട്രിക്റ്റ് സൗജന്യമായി നല്‍കിയതാണ്. തുടക്കത്തില്‍ തന്നെ സ്തനാര്‍ബുദം വളരെപ്പെട്ടന്ന് കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക സൗകര്യമുള്ളതാണ് ഡിജിറ്റല്‍ മാമോഗ്രാം മെഷീന്‍. സ്വകാര്യ മേഖലയില്‍ ഒരു ടെസ്റ്റിന് 3500 രൂപയിലധികം ചെലവ് വരുന്നതാണ് സ്തനാര്‍ബുദ നിര്‍ണയം. നാമമാത്ര സ്ഥാപനങ്ങളിലാണ് ഡിജിറ്റല്‍ മാമ്മോഗ്രാം മെഷീനുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൂടി ഇത് പ്രവര്‍ത്തന സജ്ജമാകുന്നതോടെ വളരെയേറെ രോഗികള്‍ക്ക് സഹായകമാകും.

Story Highlights examination facilities at Thiruvananthapuram Medical College

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top