Advertisement

ലോക്ക്ഡൗണിനു ശേഷം കേരളത്തിലെത്തിയത് പുതിയ 20 ഐ.ടി. കമ്പനികള്‍

October 20, 2020
Google News 2 minutes Read
20 new IT companies arrived in Kerala After the lockdown

കൊവിഡ് ലോക്ക്ഡൗണിനു ശേഷം കേരളത്തിലേക്ക് പുതിയതായി എത്തിയത് 20 ഐ.ടി. കമ്പനികള്‍. പുതിയ കമ്പനികള്‍ വന്നതോടെ മുന്നൂറിലധികം പേര്‍ക്കാണ് പുതിയതായി തൊഴില്‍ ലഭിച്ചത്. നൂറു ദിവസത്തിനുള്ളില്‍ ടെക്‌നോപാര്‍ക്കില്‍ 500 ഉം ഇന്‍ഫോപാര്‍ക്കില്‍ ആയിരവും സൈബര്‍പാര്‍ക്കില്‍ 125ഉം പുതിയ തൊഴിലവസരങ്ങള്‍ സൃഷടിക്കപ്പെടുമെന്നാണ് കരുതുന്നത്.

ടെക്നോസിറ്റിയിലെ ഐ.ടി. കെട്ടിട സമുച്ചയം, ടെക്നോപാര്‍ക്ക് മൂന്നാം ഘട്ടത്തിലെ ടോറസ് ഗ്രൂപ്പിന്റെ ഐ.ടി. കെട്ടിടം, ടെക്നോസിറ്റിയിലും ടെക്നോപാര്‍ക്ക് ഒന്നാം ഘട്ടത്തിലും നടപ്പാക്കുന്ന ബ്രിഗേഡ് പദ്ധതി, ഇന്‍ഫോപാര്‍ക്കിലെ ബ്രിഗേഡ് കാര്‍ണിവല്‍, ലുലു കമ്പനികളുടെ പദ്ധതികള്‍ എന്നിവയാണ് ഐ.ടി.മേഖലയില്‍ കേരളത്തിലെ പ്രധാനപ്പെട്ട പുതിയ പദ്ധതികള്‍. ടെക്നോപാര്‍ക്കില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന വിന്‍വിഷ് എന്ന കമ്പനി ഒരു ഏക്കറില്‍ ഐ.ടി. കാമ്പസ് നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നൂറു കോടി രൂപയുടെ പദ്ധതിയാണിത്. കൂടുതല്‍ കമ്പനികള്‍ കേരളത്തിലേക്ക് വരുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ടെക്നോസിറ്റിയില്‍ നൂറു കോടി മുതല്‍ മുടക്കില്‍ രണ്ടു ലക്ഷം ചതുരശ്രഅടിയില്‍ നിര്‍മിക്കുന്ന സര്‍ക്കാര്‍ ഐ.ടി. കെട്ടിടം ഈ വര്‍ഷം ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. നിര്‍മാണം പൂര്‍ത്തിയാക്കിയ കൊരട്ടി ഇന്‍ഫോപാര്‍ക്ക്, ഐ.ബി.എസിന്റെ ഐ.ടി. കാമ്പസ് എന്നിവയുടെ പ്രവര്‍ത്തനം അടുത്ത വര്‍ഷത്തോടെ ആരംഭിക്കും. കാസ്പിയന്‍ ടെക്‌നോളജി പാര്‍ക്ക്, മീഡിയ സിസ്റ്റം ഇന്ത്യാ സൊല്യൂഷന്‍സ്, കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ പ്ലഗ്ഗ് ആന്റ് പ്ലേ ബിസിനസ് ഓഫീസ് എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

കൊവിഡിനെ തുടര്‍ന്ന് കമ്പനികള്‍ ഹൈബ്രിഡ് വര്‍ക്കിംഗ് സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് ഫ്രം ഓഫീസ് എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തന രീതിയാണിത്. നിലവില്‍ ഐ.ടി. പാര്‍ക്കുകളില്‍ അഞ്ചു മുതല്‍ പത്ത് ശതമാനം വരെ ജീവനക്കാരാണ് എത്തുന്നത്. പുതിയ രീതിയിലൂടെ കമ്പനികള്‍ക്ക് 85 ശതമാനം വരെ ഉത്പാദനക്ഷമത കൈവരിക്കാനായിട്ടുണ്ട്. കൊവിഡിന് ശേഷവും 20 ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം തുടരുമെന്നാണ് കമ്പനികള്‍ നല്‍കുന്ന സൂചന. നിലവില്‍ കേരളത്തിലെ ഐ.ടി. പാര്‍ക്കുകളില്‍ ഏകദേശം 1.10 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഐ.ടി. പാര്‍ക്കുകളിലൂടെ നേരിട്ടല്ലാതെ 3.30 ലക്ഷം പേര്‍ക്കും തൊഴില്‍ ലഭിച്ചിട്ടുണ്ട്.

Story Highlights 20 new IT companies arrived in Kerala After the lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here