Advertisement

India at 75: എമര്‍ജന്‍സി യാദവും കാര്‍ഗില്‍ പ്രഭുവും മുതല്‍ ലോക്ക്ഡൗണ്‍ വരെ; ഈ ഇന്ത്യക്കാര്‍ക്ക് പേരായത് ‘ചരിത്രം’

August 13, 2022
Google News 3 minutes Read

രാജ്യത്തിന്റെ നമ്മള്‍ കൂടി ഉള്‍പ്പെടെ ചരിത്രഘട്ടങ്ങളെ എങ്ങനെ അടയാളപ്പെടുത്താനാണ് നിങ്ങള്‍ താല്‍പര്യപ്പെടുന്നത്? പഠിക്കുന്ന സിലബസില്‍ ഉള്‍പ്പെടുമ്പോഴോ വാര്‍ഷികങ്ങളോ ആഘോഷങ്ങളോ വരുമ്പോഴോ ആണോ നിങ്ങള്‍ രാജ്യത്തിന്റെ ഭാവി മാറ്റിമറിച്ച ചരിത്രഘട്ടങ്ങളെക്കുറിച്ച് ഓര്‍ക്കുന്നത്? എന്നാല്‍ ചരിത്രത്തെ സദാ ഒപ്പം കൊണ്ടുനടക്കുന്ന ചില ഇന്ത്യക്കാരുണ്ട്. രാജ്യത്തിന്റെ പൊതുവായ ഓര്‍മകളില്‍ സജീവമായി നില്‍ക്കുന്ന ചില സംഭവങ്ങളുടെ പേരില്‍ വിളിക്കപ്പെടുന്ന ചിലര്‍. എമര്‍ജന്‍സി യാദവും കാര്‍ഗില്‍ പ്രഭുവും മുതല്‍ ലോക്ക്ഡൗണ്‍ കക്കണ്ടി വരെയുള്ള വ്യത്യസ്ത പേരുകാരെ പരിചയപ്പെടാം… (Meet Indians named after historic events)

ആസാദ് കപൂര്‍

1947 ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച അതേ പാതിരയുടെ സന്തതിയായാണ് ആസാദ് കപൂര്‍ ജനിക്കുന്നത്. ബ്രിട്ടീഷ് കോളനി ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് രാജ്യമുണര്‍ന്ന ദിനത്തില്‍ ലഭിച്ച കുഞ്ഞായതിനാല്‍ അച്ഛനമ്മമാര്‍ മകള്‍ക്ക് സ്വാതന്ത്ര്യം എന്ന് അര്‍ത്ഥം വരുന്ന ആസാദ് എന്ന് വിളിക്കുകയായിരുന്നു. ആസാദ് എന്നത് ആണ്‍കുട്ടികള്‍ക്കിടുന്ന പേരായതിനാല്‍ ആദ്യമൊന്നും ഈ പേര് ഇഷ്ടമല്ലായിരുന്നെന്നും പിന്നീട് ആ പേരിനെ ഇഷ്ടപ്പെടുകയായിരുന്നെന്നും ആസാദ് ബിബിസി ന്യൂസിനോട് പറഞ്ഞു. തന്റെ പിറന്നാള്‍ ഈ രാജ്യമൊന്നാകെ ആഘോഷിക്കുമെന്ന് തമാശയായി പറയാറുണ്ടെന്നും ഇവര്‍ പറഞ്ഞു.

എമര്‍ജന്‍സി യാദവ്

രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് 1975 ജൂണ്‍ 26നാണ് എമര്‍ജന്‍സി യാദവ് ജനിച്ചത്. പൗരാവകാശങ്ങള്‍ പലതും നിഷേധിക്കപ്പെട്ട ആ ഇരുണ്ട കാലത്ത് എമര്‍ജന്‍സി യാദവിന്റെ പിതാവ് ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മകന്‍ ഭൂമിയിലേക്ക് പിറന്ന് വീഴുന്നതിന് മുന്‍പ് തന്നെ എമര്‍ജന്‍സിയുടെ പിതാവ് രാം തേജ് യാദവ് തടവിലായി. പിന്നീട് 22 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് യാദവിന് മകന്റെ മുഖം ആദ്യമായി കാണാന്‍ സാധിച്ചത്. ആ ഇരുണ്ടകാലത്തെക്കുറിച്ച് ആരും മറന്നുപോകാതിരിക്കാനാണ് യാദവ് തന്റെ മകന് എമര്‍ജന്‍സി എന്ന് പേരിട്ടത്.

Read Also: India at 75 : ജാതിയും മതവും മറന്ന് രണ്ട് സമുദായത്തിൽപ്പെട്ടവർ ഒന്നിച്ചപ്പോൾ കുഞ്ഞിനിട്ടത് വെറൈറ്റി പേര്

കാര്‍ഗില്‍ പ്രഭു

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ സ്മരണാര്‍ത്ഥമാണ് 23-കാരനായ കാര്‍ഗില്‍ പ്രഭുവിന്റെ മാതാപിതാക്കള്‍ ഇയാള്‍ക്ക് ഈ പേര് നല്‍കുന്നത്. 1999ലാണ് കാര്‍ഗിലിന്റെ ജനനം. തനിക്ക് പേരിട്ട അച്ഛന്‍ നന്നേ ചെറുപ്പത്തില്‍ മരിച്ചുപോയതിനാല്‍ കാലങ്ങളോളം കാര്‍ഗിലിന് തന്റെ പേരിന്റെ പൊരുള്‍ മനസിലായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യ വിജയിക്കുകയും 500-ലധികം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്ത കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് കാര്‍ഗില്‍ മനസിലാക്കുന്നത്. കാര്‍ഗില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന് ഈ യുവാവിന് അതിയായ മോഹമുണ്ട്. യുദ്ധത്തിനോട് യോജിപ്പില്ലെങ്കിലും പ്രകോപനത്തെ ഇന്ത്യ പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്തതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും കാര്‍ഗില്‍ ബിബിസിയോട് പറയുന്നു.

സുനാമി റോയ്

മകന് സുനാമി എന്ന് പേരിട്ടതെന്തുകൊണ്ടെന്ന് ചോദിക്കുമ്പോള്‍ സുനാമിയുടെ അമ്മ മൗനിത റോയുടെ കണ്ണുകള്‍ രാജ്യത്തെ നടക്കിയ രാക്ഷസത്തിരകള്‍ ഓര്‍ത്ത് ഈറനണിയും.

2004ല്‍ സുനാമി ആഞ്ഞടിച്ച ആന്‍ഡമാന്‍ ദ്വീപസമൂഹത്തിലെ ഒരു ചെറിയ കുന്നിന്‍ മുകളില്‍ അഭയം പ്രാപിക്കുമ്പോള്‍ മൗനിത റോയ് പൂര്‍ണ ഗര്‍ഭിണിയായിരുന്നു. എന്നെ നോക്കേണ്ട, മൂത്ത മകനോടൊപ്പം രക്ഷപ്പെടൂ എന്ന് മൗനിത ഭര്‍ത്താവിനോട് കേണുപറഞ്ഞു. ആ കുന്നില്‍ മുകളിലിരുന്ന് ഏകദേശം 11 മണിയോടെ മൗനിത ഒരു പാറയുടെ മുകളില്‍ ഒരു സഹായമോ മരുന്നോ കൂടാതെ പ്രസവിച്ചു. പ്രതീക്ഷയുടെ കിരണമായി തന്റെ മുന്നില്‍ കിടന്ന മകന് സുനാമി എന്നല്ലാതെ മറ്റൊരു പേരിടാന്‍ ഇല്ലെന്ന് ആ അമ്മ ഉറപ്പിച്ചു.

സുനാമി എന്നത് 200000 പേരുടെ ജീവനെടുത്ത ദുരന്തമാണെങ്കിലും തന്റെ മകന്‍ അതിനെ അതിജീവിച്ച് പുറത്തുവന്നതിനാലാണ് ആ പേര് തെരഞ്ഞെടുത്തതെന്നും മൗനിത റോയി വ്യക്തമാക്കി.

Read Also: India At 75 : മലയാളികൾ ചപ്പാത്തി കഴിച്ച് തുടങ്ങിയതിന് വൈക്കം സത്യാഗ്രഹവുമായി ബന്ധം ഉണ്ടെന്നറിയാമോ ?

ഖജാന്‍ജി നാഥ്

2016 നവംബര്‍ 8ന് നാളെ മുതല്‍ 1000,500 നോട്ടുകള്‍ അസാധുവായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. അത്തരമൊരു ക്യൂവില്‍ നില്‍ക്കുമ്പോഴാണ് പൂര്‍ണഗര്‍ഭിണിയായ സര്‍വേഷ ദേവിക്ക് പ്രസവവേദന അനുഭവപ്പെടുന്നത്. വേദന കൊണ്ട് തീരെ വയ്യാതായ ഇവര്‍ ബാങ്കില്‍ത്തന്നെ പ്രസവിച്ചു. ബാങ്കില്‍ ജനിച്ച കുഞ്ഞിന് ക്യാഷര്‍ എന്ന് അര്‍ത്ഥം വരുന്ന ഖജാന്‍ജി എന്ന് പേരിടണമെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ സര്‍വേഷ ദേവിക്കും അത് മികച്ച ആശയമായി തോന്നി. പിന്നീട് ബിജെപിയുടെ എതിര്‍കക്ഷികള്‍ പലരും തങ്ങളുടെ തെരഞ്ഞെടുപ്പ് റാലികളില്‍ ഖജാന്‍ജിയെ താരമാക്കി.

ലോക്ക്ഡൗണ്‍ കക്കണ്ടി

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി 2020ല്‍ രാജ്യം ലോക്ക്ഡൗണിലേക്ക് കടന്ന സമയത്താണ് ലോക്ക്ഡൗണ്‍ കക്കണ്ടി ജനിക്കുന്നത്. ശരിയായ വാഹനസൗകര്യമോ വൈദ്യസഹായമോ ലഭിക്കാതിരുന്ന കാലത്താണ് ലോക്ക്ഡൗണ്‍ പൂര്‍ണ ആരോഗ്യവാനായി തന്നെ പിറക്കുന്നത്. ആളുകള്‍ കടന്നുപോയ ഈ സവിശേഷഘട്ടത്തിന്റെ ഓര്‍മപുതുക്കാനായാണ് മകന് ഇത്തരമൊരു വേറിട്ട പേരിട്ടതെന്ന് പിതാവ് പവന്‍ കുമാര്‍ പറഞ്ഞു. ചിലപ്പോള്‍ ആളുകള്‍ ഈ പേരിനെച്ചൊല്ലി അവനെ കളിയാക്കിയേക്കാം. എന്നിരിക്കിലും അവനെ ഒരാള്‍ പോലും മറക്കില്ലെന്ന് തനിക്കുറപ്പുണ്ടെന്നും പവന്‍ കുമാര്‍ ബിബിസിയോട് പറഞ്ഞു.

Story Highlights: Meet Indians named after historic events

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here