ഉത്ര വധക്കേസ്; സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊല്ലം അഞ്ചൽ ഉത്ര വധക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. 180 ദിവസമായി കസ്റ്റഡിയിൽ തുടരുകയാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമാണ് സൂരജിന്റെ ആവശ്യം.
കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിന് മുന്നോടിയായുളള പ്രാരംഭ വാദവും ഇന്ന് തുടങ്ങും. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ സൂരജ് മാത്രമാണ് പ്രതി. കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയിരുന്നു.
ഇക്കഴിഞ്ഞ മെയ് ആറിനാണ് മൂർഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യിൽ നിന്നാണ് ഇയാൾ പാമ്പിനെ വാങ്ങിയത്. ഏപ്രിൽ മാസത്തിൽ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യിൽ നിന്നും പ്രതി മൂർഖനെ വാങ്ങുകയായിരുന്നു. തുടർച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Story Highlights – Uthra murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here