പേരു തന്നെ അപകീർത്തിപരമാണ്; ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു: ‘ലക്ഷ്മി ബോംബി’നെതിരെ ഹിന്ദു സേന

അക്ഷയ് കുമാർ നായകനായി അഭിനയിക്കുന്ന ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രത്തിനെതിരെ ഹിന്ധു സേന. ചിത്രത്തിൻ്റെ പേരു തന്നെ അപകീർത്തിപരമാണെന്നും ലക്ഷ്മി ദേവിയെ പരിഹസിക്കുന്ന നിലപാടാണ് ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നതെന്നും ഹിന്ദു സേന ദേശീയ പ്രസിഡൻ്റ് വിഷ്ണു ഗുപ്ത പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനു കത്തയച്ചു എന്നും വിഷ്ണു ഗുപ്ത തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി.
Read Also : കേന്ദ്ര കഥാപാത്രമായി അക്ഷയ് കുമാര്‍; ശ്രദ്ധനേടി ‘ലക്ഷ്മി ബോംബ്’ ട്രെയ്‌ലര്‍
‘ലക്ഷ്മി ദേവിയെ പരിഹസിക്കുന്ന, രാഘവ ലോറൻസ് സംവിധാനം ചെയ്ത് അക്ഷയ് കുമാർ അഭിനയിക്കുന്ന, ലക്ഷ്മി ബോംബ് എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്കെതിരെയും ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെയും വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന, മന്ത്രി പ്രകാശ് ജാവദേക്കറിനു പരാതി നൽകിയിട്ടുണ്ട്’- ഇങ്ങനെയാണ് വിഷ്ണു ഗുപ്തയുടെ ട്വീറ്റ്.
ഐശ്വര്യത്തിൻ്റെയും സമ്പത്തിൻ്റെയും ദേവിയായ ലക്ഷ്മി ദേവിയെ ബോംബ് എന്ന വാക്കിനൊപ്പം ഉപയോഗിച്ചിരിക്കുന്നത് ഹിന്ദു സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് കത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ബോംബ് എന്ന വാക്ക് ഹിന്ദു സമൂഹത്തെ പ്രകോപിപ്പിക്കാനായാണ് ഉപയോഗിച്ചിരിക്കുന്നത്. തന്നെയുമല്ല, ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. നടൻ മുസ്ലിമും നടി ഹിന്ദുവും ആകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
നേരത്തെ ഹിന്ദു ജനജാഗ്രതി സമിതിയും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. സമാന ആരോപണങ്ങളാണ് അവരും ഉന്നയിച്ചിരുന്നത്.
Read Also : ലക്ഷ്മി ബോംബ് 100 കോടി ക്ലബിൽ; ഡിസ്നി ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത് 125 കോടി രൂപയ്ക്ക്
രാഘവാ ലോറൻസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ശ്രദ്ധേയമായ തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. കാഞ്ചനയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സംവിധായകൻ രാഘവാ ലോറൻസ് ആയിരുന്നു. ഏഴ് കോടി നിർമാണ ചെലവിൽ ഒരുക്കിയ കാഞ്ചന മികച്ച ബോക്‌സ് ഓഫീസ് കളക്ഷനും നേടിയിരുന്നു. അക്ഷയ് കുമാറിനൊപ്പം കിയാര അദ്വാനി, തുഷാർ കപൂർ, തരുൺ അറോറ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. മെയ് 22ന് ഈദ് റിലീസായി തീരുമാനിച്ചിരുന്ന ചിത്രം കൊവിഡിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. പിന്നീട് ഡിസ്നി ഹോട്ട്സ്റ്റാർ ചിത്രം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. നവംബർ 9 മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.
Story Highlights – ‘Laxmmi Bomb’ Name Is ‘Offensive’, Promotes Love Jihad: Hindu Sena