Advertisement

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം; രണ്ട് കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു

October 22, 2020
Google News 1 minute Read

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കൃത്യത്തിന് ശേഷം പ്രതികള്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറി വെമ്പായം അനില്‍ കുമാര്‍, വാമനപുരം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. വെഞ്ഞാറമ്മൂട് സിഐയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കൃത്യത്തിന് ശേഷം ഉണ്ണി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇവരെ വിളിച്ചിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

Read Also : വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം : രണ്ടാം പ്രതി അറസ്റ്റിൽ

പ്രതികള്‍ തങ്ങളെ വിളിച്ചതായി നേതാക്കള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ സഹായം ചോദിച്ചെങ്കിലും തങ്ങള്‍ സഹായം നല്‍കിയില്ല എന്നാണ് ഇരുവരും അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അടൂര്‍ പ്രകാശ് എംപിക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ആരോപിച്ചിരുന്നത്.

സിപിഐഎം എംഎല്‍എ ഡി കെ മുരളിയുടെ മകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം. എന്നാല്‍ രണ്ട് ആരോപണങ്ങളും ശരി വെയ്ക്കുന്ന ശക്തമായ തെളിവുകള്‍ പൊലീസിന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം മുതല്‍ തുടരുന്ന പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും വൈരാഗ്യവുമാണ് കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇത് പ്രാദേശിക തലത്തില്‍ പ്രതികള്‍ ആസൂത്രണം ചെയ്‌തെന്നാണ് ഇതുവരെയുള്ള പൊലീസ് നിഗമനം. പ്രതികളുടെ കോള്‍ വിവരങ്ങളുടെ പൂര്‍ണ റിപ്പോര്‍ട്ടും തേമ്പാമൂട് രണ്ട് സംഘങ്ങളും ഒരേസമയം എത്താനിടയായ സാഹചര്യവും സംബന്ധിച്ച് വ്യക്തത വന്നാല്‍ കുറ്റപത്രം തയാറാക്കാനാണ് പൊലീസിന്റെ ആലോചന.

Story Highlights venjaramoodu murder, congress leaders questioned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here