‘സാം, ദി സേവിയർ’: വൻ നാണക്കേടിൽ നിന്ന് രക്ഷപ്പെട്ട് ചെന്നൈ; മുംബൈക്ക് 115 റൺസ് വിജയലക്ഷ്യം

csk mi ipl innings

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 115 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുംബൈയുടെ ഗംഭീര ബൗളിംഗ് പ്രകടനത്തിനു മുന്നിൽ അവിശ്വസനീയമായി തകർന്നടിയുകയായിരുന്നു. സാം കറൻ്റെ ചെറുത്തുനില്പാണ് ചെന്നൈയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 52 റൺസെടുത്ത കറനാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. മുംബൈക്കായി ട്രെൻ്റ് ബോൾട്ട് (4), ജസ്പ്രീത് ബുംറ (2), രാഹുൽ ചഹാർ (2), നതാൻ കോൾട്ടർനൈൽ (1) എന്നിവർ വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.

Read Also : ഐപിഎൽ മാച്ച് 41: ചെന്നൈക്ക് ബാറ്റിംഗ്; രോഹിതിനു പകരം മുംബൈയെ പൊള്ളാർഡ് നയിക്കും

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ അവിശ്വസനീയ തകർച്ചയാണ് ഷാർജയിൽ കാത്തിരുന്നത്. പുതിയ ഓപ്പണിംഗ് ജോഡിയെയാണ് അവർ ഇന്ന് പരീക്ഷിച്ചത്. ജാദവിനു പകരം എത്തിയ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ഡുപ്ലെസിക്കൊപ്പം ഇന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ, ആദ്യ ഓവറിൽ തന്നെ ആ പരീക്ഷണം തിരിച്ചടിച്ചു. അഞ്ചാം പന്തിൽ ഗെയ്‌ക്‌വാദിനെ (0) ട്രെൻ്റ് ബോൾറ്റ് വിക്കറ്റിനു മുന്നിൽ കുരുക്കി. സ്കോർബോർഡിൽ അപ്പോൾ റൺസുകളൊന്നും പിറന്നിരുന്നില്ല. റായുഡു (2), എൻ ജഗദീശൻ എന്നിവർ (0) രണ്ടാം ഓവറിൽ ബുംറയുടെ ഇരകളായി. റായുഡുവിനെ ഡികോക്കും ജഗദീശനെ സൂര്യകുമാർ യാദവും പിടികൂടി. മൂന്നാം ഓവറിൽ വീണ്ടും ബോൾട്ട് ഒരു വിക്കറ്റ് കൂടി വീഴ്ത്തി. ഇത്തവണ ഫാഫ് ഡുപ്ലെസിയാണ് (1) പുറത്തായത്. ഡുപ്ലെസിയെ ഡികോക്ക് പിടികൂടുകയായിരുന്നു. ചെന്നൈക്ക് 3 റൺസ് എടുക്കുന്നതിനിടെ നഷ്ടമായത് 4 വിക്കറ്റുകൾ.

അഞ്ചാം വിക്കറ്റിൽ ജഡേജ-ധോണി സഖ്യത്തിൻ്റെ 18 റൺസ് കൂട്ടുകെട്ട്. പവർപ്ലേയുടെ അവസാന ഓവറിൽ ജഡേജയെ (7) പുറത്താക്കിയ ബോൾട്ട് ആ കൂട്ടുകെട്ടും പൊളിച്ചു. ബോൾട്ടിനെതിരെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച ജഡേജയെ കൃണാൽ പാണ്ഡ്യ പിടികൂടി. പവർ പ്ലേ അവസാനിക്കുമ്പോൾ ചെന്നൈയുടെ സ്കോർ അഞ്ച് വിക്കറ്റ് നഷ്റ്റത്തിൽ 24 റൺസ്. ഐപിഎൽ ചരിത്രത്തിൽ ഇത് ആദ്യമായാണ് പവർപ്ലേയിൽ ചെന്നൈക്ക് 5 വിക്കറ്റുകൾ നഷ്ടമാവുന്നത്.

ചില മികച്ച ഷോട്ടുകൾ സഹിതം ഒരു വശത്ത് ബാറ്റ് ചെയ്ത ധോണിയും (16) ധോണിക്ക് ശേഷം എത്തിയ ദീപക് ചഹാറും (0) രാഹുൽ ചഹാറിൻ്റെ ലെഗ് ബ്രേക്കിനു മുന്നിൽ കീഴടങ്ങി. ധോണിയെ വിക്കറ്റിനു പിന്നിൽ കൈപ്പിടിയിലൊതുക്കിയ ഡികോക്ക് ദീപക്കിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

Read Also : ‘ചെന്നൈ ഇങ്ങനെ തകരുമെന്ന് കരുതിയില്ല; ടീമിനെ ഇനിയും പിന്തുണയ്ക്കണം’; ആരാധകരോട് അഭ്യർത്ഥനയുമായി ബ്രാവോ

എട്ടാം വിക്കറ്റിൽ സാം കറൻ-ശർദ്ദുൽ താക്കൂർ സഖ്യം ഭേദപ്പെട്ട ഒരു കൂട്ടുകെട്ടിലൂടെ ചെന്നൈയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചെടുത്തു. 28 റൺസാണ് ഇവർ എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ശർദ്ദുൽ താക്കൂറിനെ (11) സൂര്യകുമാർ യാദവിൻ്റെ കൈകളിലെത്തിച്ച കോൾട്ടർനൈലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 9ആം വിക്കറ്റിൽ താഹിർ-കറൻ സഖ്യവും നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. ബുംറയെ അടക്കം ബുദ്ധിപരമായി നേരിട്ട ഈ സഖ്യമാണ് ചെന്നൈയെ 100 കടത്തിയത്. ട്രെൻ്റ് ബോൾട്ട് എറിഞ്ഞ അവസാന ഓവറിൽ, 46 പന്തുകളിൽ കറൻ ഫിഫ്റ്റി തികച്ചു. അവസാന പന്തിൽ 52 റൺസെടുത്ത താരത്തെ ബോൾട്ട് ക്ലീൻ ബൗൾഡാക്കി. താഹിർ (13) പുറത്താവാതെ നിന്നു. താഹിർ-കറൻ സഖ്യം 9ആം വിക്കറ്റിൽ കൂട്ടിച്ചേർത്ത 43 റൺസാണ് ചെന്നൈയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

Story Highlights chennai super kings vs mumbai indians first innings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top