‘ചെന്നൈ ഇങ്ങനെ തകരുമെന്ന് കരുതിയില്ല; ടീമിനെ ഇനിയും പിന്തുണയ്ക്കണം’; ആരാധകരോട് അഭ്യർത്ഥനയുമായി ബ്രാവോ

ചെന്നൈ സൂപ്പർ കിംഗ്സ് ഇങ്ങനെ തകരുമെന്ന് കരുതിയില്ലെന്ന് ടീം അംഗവും വിൻഡീസ് ഓൾറൗണ്ടറുമായ ഡ്വെയിൻ ബ്രാവോ. പരുക്കേറ്റതിനെ തുടർന്ന് പാതിവഴിയിൽ ഐപിഎൽ മതിയാക്കി ബ്രാവോ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്രാവോ രംഗത്തെത്തിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കണമെന്നും അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു.
Read Also : ചെന്നൈ സൂപ്പർ കിംഗ്സിനു തിരിച്ചടിയായി ഡ്വെയിൻ ബ്രാവോയ്ക്ക് പരുക്ക്; താരം നാട്ടിലേക്ക് മടങ്ങും
“ഇത് വിഷമകരമായ വാർത്തയാണ്. ചെന്നൈ സൂപ്പർ കിംഗ്സ് വിടുന്നതിൽ സങ്കടമുണ്ട്. ടീമിനെ ഇനിയും പിന്തുണയ്ക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ഞാൻ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ആരാധകരോട് അഭ്യർത്ഥിക്കുന്നു. ആരാധകരോ ഞങ്ങളോ പ്രതീക്ഷിച്ച ഒരു സീസൺ ആയിരുന്നില്ല ഇത്. പക്ഷേ, ഞങ്ങൾ പരമാവധി ശ്രമിച്ചു. ചിലപ്പോൾ പരമാവധി ശ്രമിച്ചാലും ഫലം ഉണ്ടാവില്ല. ഞങ്ങളെ ഇനിയും പിന്തുണയ്ക്കണം. ചാമ്പ്യന്മാരെപ്പോലെ ഞങ്ങൾ തിരികെ വരുമെന്ന് ഞാൻ ഉറപ്പ് നൽകുകയാണ്. ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിൽ പെട്ട ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ സിഎസ്കെ ആരാധകരും അംഗങ്ങളും എന്ന നിലയിൽ നമ്മൾ അഭിമാനിക്കണം”- തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബ്രാവോ പറഞ്ഞു.
ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിലാണ് ബ്രാവോയ്ക്ക് പരുക്ക് പറ്റിയത്. താരത്തിന് വലതു തുടയിൽ പരുക്കേറ്റു എന്നും ഏതാനും ചില മത്സരങ്ങളിൽ അദ്ദേഹം പുറത്തിരുന്നേക്കും എന്നും ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞിരുന്നു. ഡൽഹിക്കെതിരായ മത്സരത്തിൽ ഡ്വെയിൻ ബ്രാവോയ്ക്കു പകരം രവീന്ദ്ര ജഡേജ ആണ് അവസാന ഓവർ എറിഞ്ഞത്. ഓവറിൽ 17 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയെ മൂന്ന് സിക്സർ അടിച്ച് അക്സർ പട്ടേൽ വിജയിപ്പിച്ചു. 10 മത്സരങ്ങൾ കളിച്ച ചെന്നൈ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചത്. 6 പോയിൻ്റ് മാത്രമുള്ള ഇവർ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
Story Highlights – Injured Dwayne Bravo leaves message for CSK fans after being ruled out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here