‘എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം’; വാട്‌സ്ആപ്പ് പ്രചാരണത്തിന് പിന്നിൽ

രതി. വി. കെ/
എപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം. 1997 മുതൽ 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് രജിസ്ട്രേഷൻ പുതുക്കാൻ അവസരം എന്ന രീതിയിലാണ് പ്രചാരണം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവായെന്നും വാട്സ്ആപ്പിലൂടെ പ്രചരിച്ച സന്ദേശത്തിൽ പറയുന്നു.
‘എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്. 1997 ജനുവരി ഒന്നു മുതൽ 2017 ജൂലൈ 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി നിലനിർത്തി സെപ്റ്റംബർ രണ്ട് മുതൽ ഒക്ടോബർ 31 വരെ രജിസ്ട്രേഷൻ പുതുക്കാൻ സമയം അനുവദിച്ച് ഉത്തരവായി എന്നാണ് കുറിപ്പിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ സത്യാവസ്ഥ അറിയാൻ എംപ്ലോയ്മെന്റ് വിഭാഗം ഉദ്യോഗസ്ഥനുമായി ഫോണിൽ ബന്ധപ്പെട്ടു. പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്ന് എംപ്ലോയ്മെന്റ് വിഭാഗം അഡീഷണൽ ഡയറക്ടർ ജോർജ് ഫ്രാൻസിസ് ട്വന്റിഫോറിനോട് പറഞ്ഞു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കുന്നതിന് നിലവിൽ രണ്ട് മാസത്തെ ഗ്രേസ് പീരിഡാണ് അനുവദിക്കുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനുവരിയിൽ കാർഡ് പുതുക്കേണ്ട ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ വരെ സമയം അനുവദിച്ചിട്ടുണ്ട്. എംപ്ലോയ്മെന്റ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷവം വ്യാജ പ്രചാരണം നടന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
നിലവിൽ സീനിയോറിറ്റി പുതുക്കാൻ തൊഴിൽ വകുപ്പ് ഉത്തരവിറക്കിയിട്ടില്ല. സർക്കാർ അറിയിപ്പുകൾ സാധാരണ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ നൽകാറില്ലെന്ന് അഡീഷണൽ ഡയറക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉത്തരവിറക്കിയാൽ സർക്കാർ തന്നെ അത് ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും.
Story Highlights – Fact check, Employment registration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here