തദ്ദേശ തെരഞ്ഞെടുപ്പ്; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി. രാഷ്ട്രീയ നിലപാട് പ്രഖ്യാപന പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചത്. കോണ്‍ഗ്രസ് സീറ്റില്‍ നാലു തവണ മത്സരിച്ചവരേയും രണ്ടു തവണ പരാജയപ്പെട്ടവരെയും മാറ്റി നിര്‍ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ പാസാക്കിയ പ്രമേയം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കൈമാറി.
കഴിഞ്ഞ ദിവസം ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് സീറ്റ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. കൊവിഡ് മാഹാമാരിക്കാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. കൂടാതെ സമരങ്ങളിലെ ലാത്തി ചാര്‍ജില്‍ പരുക്ക് പറ്റിയതും കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അത് കൊണ്ട് തന്നെ ‘തല്ലുകൊള്ളാന്‍ ചെണ്ടയും കാശ് വാങ്ങാന്‍ ചെണ്ടക്കാരും’ എന്ന ശൈലി അനുവദിക്കേണ്ടെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
കൂടാതെ കോണ്‍ഗ്രസ് സീറ്റില്‍ നാലു തവണ മത്സരിച്ചവരേയും രണ്ടു തവണ പരാജയപ്പെട്ടവരെയും മാറ്റി നിര്‍ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസിന് അല്ലാതെ യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ പ്രദേശിക ഘടകങ്ങള്‍ നിലവിലില്ല. എന്നിട്ടും ഘടകകക്ഷികള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ പരിഗണന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നതിലുള്ള അതൃപ്തിയും യൂത്ത് കോണ്‍ഗ്രസ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Story Highlights – local body elections kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here