നഗരൂരിലെ ലഹരി മരുന്ന് കടത്ത്; മുഖ്യസൂത്രധാരനെതിരായ അന്വേഷണം ഊർജിതമാക്കി എക്‌സൈസ്

നഗരൂരിലെ ലഹരി മരുന്ന് കടത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി ഷിഹാബുദ്ദീനായി അന്വേഷണം ഊർജിതമാക്കി എക്‌സൈസ്. ലഹരി മരുന്നുകളെത്തിച്ചത് ഷിഹാബുദ്ദീനെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. നാല് കോടി രൂപയുടെ കഞ്ചാവും, ഹാഷിഷ് ഓയിലുമായിരുന്നു നഗരൂരിൽ പിടിച്ചെടുത്തത്.
ആറ്റിങ്ങൽ കോരാണിയിൽ നിന്ന് 20 കോടി വില വരുന്ന കഞ്ചാവ് പിടികൂടിയതിന് പിന്നാലെയാണ് നഗരൂരിൽ നിന്ന് നാല് കോടി രൂപ വിലവരുന്ന ലഹരിമരുന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. തെക്കൻ കേരളത്തിലേക്ക് വലിയ രീതിയിൽ ലഹരിമരുന്നുകളെത്തിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയത്. നഗരൂരിൽ പിടിച്ച മൂന്ന് കിലോ ഹാഷിഷ് ഓയിലും നൂറു കിലോ കഞ്ചാവും കേരളത്തിലേക്കെത്തിച്ചതിന് പിന്നിലെ മുഖ്യ സൂത്രധാരൻ തൃശൂർ സ്വദേശി ഷിഹാബുദ്ദീൻ ആണെന്നാണ് എക്‌സൈസ് വിലയിരുത്തൽ. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നടന്ന ചില ലഹരിക്കടത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. രണ്ടു വാഹനങ്ങളിൽ ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർച്ചയായി വൻതോതിലുള്ള ലഹരിമരുന്നുകൾ പിടിച്ച സാഹചര്യത്തിൽ തെക്കൻ ജില്ലകളിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങളെക്കുറിച്ച് ചില നിർണായക വിവരങ്ങളും സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ചിട്ടുണ്ട്.
Story Highlights – drug
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here