കശുവണ്ടി കോര്‍പറേഷന്‍ അഴിമതി കേസ് പ്രതി കെ എ രതീഷിന്റെ ശമ്പളം ഇരട്ടിപ്പിക്കല്‍ നീക്കം വിവാദത്തില്‍

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി കേസില്‍ പ്രതിയായ ഖാദി ബോര്‍ഡ് സെക്രട്ടറി കെ എ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാനുള്ള നീക്കം വിവാദത്തില്‍. വ്യവസായ സെക്രട്ടറി ഫയലില്‍ ഒപ്പിടാന്‍ മടിച്ചതോടെ ഖാദി ബോര്‍ഡിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാനാണ് രതീഷിന്റെ നീക്കം. ഇതിനായി ബോര്‍ഡ് അംഗങ്ങള്‍ക്ക് കെ എ രതീഷ് കത്ത് നല്‍കി.
Read Also : കശുവണ്ടി വ്യവസായ സംരക്ഷണത്തിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
അഴിമതി കേസിലെ പ്രതിയായ കെ എ രതീഷിന് ഖാദി ബോര്‍ഡ് സെക്രട്ടറിയെന്ന നിലയില്‍ 80000 രൂപയാണ് ശമ്പളം. ഇത് 1,70,000 രൂപയാക്കാനാണ് നീക്കം. മുന്‍ സെക്രട്ടറിമാര്‍ക്ക് എണ്‍പതിനായിരം രൂപയാണ് ശമ്പളമായി സര്‍ക്കാര്‍ നല്‍കിവന്നത്. എന്നാല്‍ തന്റെ ശമ്പളം കിന്‍ഫ്ര എംഡി നല്‍കുന്ന തുകയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെ എ രതീഷ് സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. ഇത് അംഗീകരിച്ച് ഖാദി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ വ്യവസായ മന്ത്രി ഫയല്‍ ധനകാര്യ വകുപ്പിന് നല്‍കി. ധനകാര്യ വകുപ്പും ഇതിന് അംഗീകാരം നല്‍കി. എന്നാല്‍ ഫയലില്‍ ഒപ്പിടാന്‍ വ്യവസായ സെക്രട്ടറി തയാറായില്ല.
മുന്‍സെക്രട്ടറിമാരുടെ ശമ്പളം 80000 രൂപയായതിനാല്‍ ഇരട്ടി ശമ്പളം നല്‍കാനാവില്ലെന്നാണ് വ്യവസായ സെക്രട്ടറിയുടെ നിലപാട്. തുടര്‍ന്നാണ് ഖാദി ബോര്‍ഡിനെക്കൊണ്ട് ശമ്പള വര്‍ധന അംഗീകരിപ്പിക്കാനുള്ള നീക്കം നടന്നത്. ഇതിനായി ബോര്‍ഡ് അംഗങ്ങള്‍ക്ക് കെ എ രതീഷ് കത്ത് നല്‍കി. ശമ്പളം വര്‍ധിപ്പിക്കുന്നതില്‍ ബോര്‍ഡ് അംഗങ്ങള്‍ അഭിപ്രായം അറിയിക്കണമെന്നാണ് കത്തില്‍ പറയുന്നത്. കൊവിഡ് കാലമായതിനാല്‍ ബോര്‍ഡ് യോഗം ചേരാന്‍ സാധിക്കാത്തതിനാലാണ് ഇങ്ങനെ കത്ത് നല്‍കുന്നതെന്നാണ് വിശദീകരണം. ബോര്‍ഡ് ഇതംഗീകരിച്ചാല്‍ ഫയലായി വ്യവസായ സെക്രട്ടറിക്ക് നല്‍കും. തുടര്‍ന്ന് ശമ്പള വര്‍ധന അംഗീകരിക്കാന്‍ സെക്രട്ടറി നിര്‍ബന്ധിതനാകും.
Story Highlights – ka ratheesh, salary hike move, controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here