സംസ്ഥാനത്ത് സിബിഐയെ വിലക്കുന്നത് പരിഗണനയിൽ

സംസ്ഥാനത്ത് സിബിഐയെ വിലക്കുന്നത് പരിഗണനയിൽ. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സിബിഐ കേസ് എറ്റെടുക്കുന്നത് വിലക്കുന്ന നിയമ നിർമാണമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. രാഷ്ട്രീയ ആയുധമായി സിബിഐ മാറുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ സാധ്യത വിശദീകരിച്ച് നിയമമന്ത്രി എ. കെ ബാലൻ രംഗത്തെത്തി.

സിബിഐയുടെ അധികാര പരിധിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് നിയമ മന്ത്രി പറഞ്ഞു. സിബിഐ അന്വേഷണത്തിലുള്ള കേന്ദ്രസർക്കാർ ഇടപെടലിനെയാണ് എതിർക്കുന്നത്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സിബിഐ കേസ് എറ്റെടുക്കുന്നത് വിലക്കുന്നത് പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും മന്ത്രി എ. കെ ബാലൻ പറഞ്ഞു.

സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സിബിഐ കേസ് ഏറ്റെടുക്കുന്നതിനെ വിമർശിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ മാതൃക പിന്തുടർന്ന് സിബിഐയെ പുറത്തുനിർത്താനുള്ള വഴി ആലോചിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. സിബിഐയെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. സിബിഐ അന്വേഷണം പല സംസ്ഥാനങ്ങളും വിലക്കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ താത്പര്യങ്ങൾക്കായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല.
സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ സിബിഐ ഏറ്റെടുക്കുന്നില്ലെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.

Story Highlights CBI, Kerala govt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top