എൽ ക്ലാസിക്കോ: തകർന്നടിഞ്ഞ് ബാഴ്സ; റയൽ മാഡ്രിഡിന് ആധികാരിക ജയം

ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ബാഴ്സലോണയ്ക്കെതിരെ റയൽ മാഡ്രിഡിന് ആധികാരിക ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എവേ പോരാട്ടത്തിൽ റയൽ ബാഴ്സയെ നിഷ്പ്രഭമാക്കിയത്. ഫെഡെറിക്കോ വാൽവെർദെ, സെർജിയോ റാമോസ്, ലൂക്ക മോഡ്രിച് എന്നിവരാണ് റയലിനായി സ്കോർ ചെയ്തത്. ബാഴ്സയുടെ ആശ്വാസ ഗോൾ കൗമാര താരം അൻസു ഫാറ്റി നേടി.
അഞ്ചാം മിനിട്ടിൽ തന്നെ റയൽ ആദ്യ ഗോൾ നേടി. കരീം ബെൻസിമയുടെ പാസിൽ നിന്ന് യുറുഗ്വെ താരം ഫെഡറിക്കോ വാൽവെർദെയാണ് റയലിന് ലീഡ് സമ്മാനിച്ചത്. മൂന്ന് മിനിട്ടുകൾക്കകം അൻസു ഫാറ്റിയിലൂടെ ബാഴ്സ തിരിച്ചടിച്ചു. ജോർഡി ആൽബയാണ് ഗോളിനു വഴിയൊരുക്കിയത്. ഈ ഗോളോടെ എൽ ക്ലാസിക്കോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ഫാറ്റി സ്വന്തം പേരിൽ കുറിച്ചു. ഇരു ടീമുകളും ലീഡ് നേടാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Read Also : ലാ ലിഗ: സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഇന്ന്
രണ്ടാം പകുതിയിൽ ബാഴ്സ അല്പം കൂടി ഒത്തിണക്കം കാണിച്ചു. അതോടെ ആതിഥേയ്യർ ചില നല്ല ആക്രമണങ്ങളും കാഴ്ച വെച്ചു. എന്നാൽ, കളിയുടെ ഗതിക്ക് വിപരീതമായി 63ആം മിനിട്ടിൽ റയൽ മാഡ്രിഡിന് ലഭിച്ച പെനൽറ്റി ബാഴ്സയുടെ നില തെറ്റിച്ചു. റയൽ നായകൻ സെർജിയോ റാമോസിനെ പെനൽറ്റി ബോക്സിൽ ക്ലെമെന്റെ ലെങ്ലെറ്റ് വീഴ്ത്തിയതാണ് പെനൽറ്റിയിൽ കലാശിച്ചത്. കിക്കെടുത്ത റാമോസ് അനായാസം പന്ത് വലയിലാക്കി. വീണ്ടും റയലിന് ലീഡ്. 90ആം മിനിട്ടിൽ ലൂക്ക മോഡ്രിച്ച് റയലിൻ്റെ മൂന്നാം ഗോളും നേടി. യുവതാരം റോഡ്രിഗോയാണ് ഗോളിന് വഴിയൊരുക്കിയത്.
ജയത്തോടെ റയൽ ലാലിഗ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. 6 മത്സരങ്ങളിൽ നിന്ന് 4 ജയം സഹിതം 13 പോയിൻ്റാണ് റയലിന് ഉള്ളത്.
Story Highlights – real madrid won against fc barcelona el clasico
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here