എന്തിനോ വേണ്ടി തിളയ്ക്കുന്ന കൊൽക്കത്തയും ഗെയിലിലൂടെ വിജയപാത തുറന്ന പഞ്ചാബും; ഇന്നത്തെ ഐപിഎൽ കാഴ്ച

ത്രിപാഠി ഒരു നന്നായി കളി കളിച്ചാൽ അടുത്ത കളി റാണ കളിക്കും. അതിൻ്റെ അടുത്ത കളി ഗെയിലും പിന്നെയുള്ള കളി മോർഗനും നന്നായി കളിക്കും. ഇടക്ക് നീലക്കുറിഞ്ഞി പൂക്കും പോലെ കാർത്തികും കളിക്കും. കമ്മിൻസിനെയും നരേനെയുമൊക്കെ ഫിഫ്റ്റി അടിപ്പിച്ചിട്ടുണ്ട്. അതാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഫാൻ്റസി ഗെയിമുകളിൽ ഒരുപാട് പേരുടെ കാശ് കളഞ്ഞിട്ടുള്ള ടീം കൊൽക്കത്തയായിരിക്കും. അത്ര അൺപ്രെഡിക്റ്റബിളായ ഒരു സംഘം.
Read Also : ഗെയിൽ സ്റ്റോമിൽ തകർന്ന് കൊൽക്കത്ത; മൻദീപിനും ഫിഫ്റ്റി: പഞ്ചാബിന് 8 വിക്കറ്റ് ജയം
സുനിൽ നരേൻ എന്ന പരാജയപ്പെട്ടെ ഓപ്പണറെ പരീക്ഷിച്ച് പരാജയപ്പെട്ട് ഒടുവിൽ ത്രിപാഠി വരുന്നു. ഒരു കളി മാൻ ഓഫ് ദി മാച്ച്, പിന്നെ മോശമായി. ത്രിപാഠിയെ മാറ്റി റാണ വന്നു. ഒരു കളി മാൻ ഓഫ് ദി മാച്ച്, ഇന്ന് മോശം കളി. ശുഭ്മൻ ഗിൽ മെല്ലെപ്പോക്കിൽ കുറേ പഴി കേട്ടതാണ്. ഇന്ന് ആ പരാതി തീർത്തു. ഇത് തന്നെയാണ് കൊൽക്കത്തയുടെ പ്രശ്നം. ബാറ്റിംഗ് ഡിപ്പാർട്ട്മെൻ്റിൽ വിശ്വസിക്കാവുന്ന ഒരു താരം പോലുമില്ല. മോർഗനാണ് അല്പമെങ്കിലും ഭേദം. കഴിഞ്ഞ കളിയിലും അതേ പ്രശ്നമായിരുന്നു. ആ കളി നരേനും റാണയും ചേർന്ന് നടത്തിയ ബ്രൂട്ടൽ അസാൾട്ട് ആണ് കൊൽക്കത്തയെ രക്ഷിച്ചത്. അതൊക്കെ എപ്പോഴും ഉണ്ടാവണമെന്നില്ലല്ലോ. പാറ്റ് കമ്മിൻസിനു കൊടുത്ത കോടികൾ ഉണ്ടായിരുന്നു എങ്കിൽ എന്തോരം ഏത്തപ്പഴം മേടിച്ച് തിന്നാമായിരുന്നു എന്നാവും ഷാരൂഖ് ഖാൻ കരുതുന്നത്. ഒരു ശുഭ്മൻ ഗില്ലും (57), ഒരു മോർഗനും (40) കഴിഞ്ഞാൽ കൊൽക്കത്തയുടെ അടുത്ത ടോപ്പ് സ്കോറർ 9ആം നമ്പർ താരമായ ലോക്കി ഫെർഗൂസനാണ്. ബാക്കി 8 പേരും ഒറ്റയക്കം. അവിടെ തന്നെ കൊൽക്കത്ത കളി തോറ്റു.
Read Also : ശുഭ്മൻ ഗില്ലിനു ഫിഫ്റ്റി; പഞ്ചാബിന് 150 റൺസ് വിജയലക്ഷ്യം
ചെറിയ സ്കോർ ആയതുകൊണ്ട് റിസ്കെടുക്കേണ്ട ഒരു കാര്യവും പഞ്ചാബിന് ഇല്ലായിരുന്നു. ഗെയിൽ എന്ന ബിംബത്തെ ഇനിയും പൂർണമായി ഡീകോഡ് ചെയ്യാൻ സാധിക്കാത്തതിനാൽ അയാൾ നല്ല ഒരു ഇന്നിംഗ്സ് കളിക്കുന്നത് അതിശയമേയല്ല. അയാൾ ഇന്ന് കളിച്ച ആ ഇന്നിംഗ്സ് ആണ് പഞ്ചാബിനെ വലിയ പരുക്കുകൾ ഇല്ലാതെ വിജയതീരത്തെത്തിച്ചത്. 25 പന്തിലാണ് ഗെയിൽ ഫിഫ്റ്റിയടിച്ചത്. രാഹുലിനും മൻദീപിനും 120ൽ താഴെയായിരുന്നു സ്ട്രൈക്ക് റേറ്റ്. മൻദീപ് അവസാന ഘട്ടത്തിലാണ് അത്രയെങ്കിലും മെച്ചപ്പെട്ടത്. 49 പന്തിലാണ് അയാൾ ഫിഫ്റ്റിയടിച്ചത്. അതുകൊണ്ട് തന്നെ ഗെയിലാണ് ഇന്നത്തെ കളിയിൽ ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ഗെയിലിൻ്റെ ആർക്കിൽ ഫീഡ് ചെയ്തു കൊടുത്ത കൊൽക്കത്ത ബൗളർമാരും കൊള്ളാമായിരുന്നു. പിന്നെ, ചെറിയ ബൗണ്ടറി ആയതു കൊണ്ട് മിസ്‌ഹിറ്റുകൾ പോലും അതിർത്തി കടക്കും. അതുകൊണ്ട് പറഞ്ഞിട്ട് കാര്യമില്ല.
എന്തായാലും ഗെയിൽ എത്തിയതിനു ശേഷം പഞ്ചാബ് തോൽവി അറിഞ്ഞിട്ടില്ല. മാത്രമല്ല, ടൂർണമെൻ്റിലെ ചെണ്ടകൾ ആയിരുന്ന ടീം ഇപ്പോൾ നാലാം സ്ഥാനത്തുണ്ട്. പ്ലേ ഓഫ് സ്പോട്ടിലേക്കുള്ള പോരിൽ പഞ്ചാബ് കരുത്തനായ ഒരു എതിരാളിയാണ്.
Story Highlights – kolkata knight riders vs kings xi punjab analysis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here