അടുത്ത സീസണിലും ധോണി തന്നെ ടീമിനെ നയിക്കും; ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ

അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനെ എംഎസ് ധോണി നയിക്കുമെന്നാണ് വിശ്വാസമെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥൻ. ഇക്കൊല്ലം മാത്രമാണ് പ്രകടനം മോശമായി പ്ലേ ഓഫ് യോഗ്യത നേടാതിരുന്നതെന്നും അതുകൊണ്ട് ടീം ആകെ അഴിച്ചുപണിയണമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മാനേജ്മെൻ്റിൻ്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
“അതെ, 2021ൽ ചെന്നൈ ടീമിനെ ധോനി നയിക്കും എന്ന കാര്യത്തിൽ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഞങ്ങൾക്ക് വേണ്ടി മൂന്ന് കിരീടങ്ങൾ നേടിത്തന്ന ക്യാപ്റ്റനാണ് ധോണി. പ്ലേ ഓഫിലേക്ക് ക്വാളിഫൈ ചെയ്യാതെ പോയത് ഈ ഒരു വർഷം മാത്രമാണ്. മറ്റൊരു ടീമിനും അതിനു കഴിഞ്ഞിട്ടില്ല. ഒരു മോശം സീസണിൻ്റെ പേരിൽ എല്ലാം മാറ്റണം എന്ന് കരുതുന്നില്ല.”- കാശി വിശ്വനാഥൻ പറഞ്ഞു.
Read Also : ധോണി, റെയ്ന, യുവരാജ്: ബിഗ് ബാഷ് ലീഗിൽ ഇന്ത്യൻ സൂപ്പർ താരങ്ങൾ പാഡണിഞ്ഞേക്കും
“കഴിവിനനുസരിച്ച് ഈ സീസണിൽ ഞങ്ങൾ കളിച്ചില്ല. ജയിക്കാമായിരുന്ന ചില കളികൾ തോറ്റു. അത് ഞങ്ങളെ പിന്നിലേക്ക് വലിച്ചു. സുരേഷ് റെയ്‌ന, ഹർഭജൻ സിങ് എന്നിവരുടെ പിന്മാറ്റവും, ക്യാമ്പിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതും ടീം ബാലൻസിനെ അസ്വസ്ഥപ്പെടുത്തി”- അദ്ദേഹം കൂട്ടിച്ചേർത്തു.
സീസണിൽ ടീമിൻ്റെ പ്രകടനവും ധോണിയുടെ പ്രകടനവും മോശമായിരുന്നു. ഇക്കൊല്ലം ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായിരുന്നു ചെന്നൈ. ഇതിൻ്റെ പശ്ചാത്തലത്തിൽ ടീം ആകെ അഴിച്ചു പണിയുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ തള്ളിയാണ് ഇപ്പോൾ ചെന്നൈ സിഇഒ തന്നെ രംഗത്തെത്തിയത്.
Story Highlights – We believe Dhoni will lead us in IPL 2021 too, says CSK CEO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here