‘ക്ഷമയോടെ ഇരിക്കൂ’; സൂര്യകുമാർ യാദവിനോട് രവി ശാസ്ത്രി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മാച്ച് വിന്നിംഗ്സ് ഇന്നിംഗ്സ് കളിച്ച മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനോട് ക്ഷമയോടെ ഇരിക്കൂ എന്ന് ഇന്ത്യൻ ദേശീയ ടീം പരിശീലകൻ രവി ശാസ്ത്രി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് രവി ശാസ്ത്രി സൂര്യകുമാറിനോട് ഇത്തരത്തിൽ ആവശ്യപ്പെട്ടത്. ഓസ്ട്രേലിയക്കെതിരായ ടി-20 ടീമിലേക്ക് സൂര്യകുമാറിനെ പരിഗണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. അങ്ങനെയൊരു പശ്ചാത്തലത്തിൽ ഇന്ത്യൻ പരിശീലകൻ്റെ ട്വീറ്റ് ചർച്ചയായിരിക്കുകയയാണ്.
Read Also : മേം ഹൂൻ നാ (ഞാനില്ലേ) എന്ന് സൂര്യകുമാർ; അയ്യോ കണ്ടില്ലല്ലോ എന്ന് സെലക്ടർമാർ: ഇന്നത്തെ ഐപിഎൽ കാഴ്ചകൾ
ഇന്നത്തെ മത്സരത്തിൽ 5 വിക്കറ്റിനാണ് മുംബൈ ബാംഗ്ലൂരിനെ കീഴ്പ്പെടുത്തിയത്. 165 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. 79 റൺസ് നേടി പുറത്താവാതെ നിന്ന സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചഹാലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മുംബൈ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു.
മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ മനോജ് തിവാരി, ഹർഭജൻ സിംഗ്, ഇന്ത്യൻ ക്യാപ്റ്റനും മുൻ മുഖ്യ സെലക്ടറുമായ ദിലീപ് വെങ്സാർക്കർ തുടങ്ങിയവരൊക്കെ സെലക്ടർമാരെ വിമർശിച്ച് രംഗത്തെത്തി. യാദവിനെ തഴഞ്ഞത് എന്തിനെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി സെലക്ടർമാരോട് വിശദീകരണം തേടണമെന്ന് വെങ്സാർക്കർ പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി സൂര്യകുമാർ മിച്ച ഫോമിലാണ്. 2018 ഐപിഎലിൽ മുംബൈക്കായി ഏറ്റവുമധികം റൺസ് നേടിയ യാദവ് കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി ഏറ്റവുമധികം റൺസ് നേടിയതും സൂര്യകുമാർ ആയിരുന്നു.
Story Highlights – India Head Coach Ravi Shastri Asks Suryakumar Yadav To Stay Patient
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here