ദേവ്ദത്തിനു ഫിഫ്റ്റി; മുംബൈയ്ക്ക് 165 റൺസ് വിജയലക്ഷ്യം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 165 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 164 റൺസ് നേടിയത്. മലയാളി താരം ദേവ്ദത്ത് പടിക്കലിൻ്റെ ഗംഭീര ബാറ്റിംഗ് മികവ് ബാംഗ്ലൂരിനു കരുത്തായി. 74 റൺസ് നേടിയ ദേവ്ദത്ത് ആണ് ബംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. 33 റൺസ് നേടിയ ജോഷ് ഫിലിപ്പെയും ബാംഗ്ലൂരിനായി തിളങ്ങി. മുംബൈക്കായി ജസ്പ്രീത് ബുംറ 3 വിക്കറ്റ് വീഴ്ത്തി.
Read Also : ഐപിഎൽ മാച്ച് 48: ബാംഗ്ലൂർ ബാറ്റ് ചെയ്യും; ഫിഞ്ച് പുറത്ത്; സ്റ്റെയിൻ തിരികെ എത്തി
ഫിഞ്ചിനു പകരം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയ ജോഷ് ഫിലിപ്പെയും ദേവ്ദത്തും ചേർന്ന് കിടിലൻ തുടക്കമാണ് ബാംഗ്ലൂരിനു നൽകിയത്. മുംബൈയുടെ കേളി കേട്ട ബൗളിംഗ് അറ്റാക്കിനെ കടന്നാക്രമിച്ച ഇരുവരും ചേർന്ന് എതിരാളികളെ തുടക്കത്തിൽ തന്നെ ബാക്ക്ഫൂട്ടിലാക്കി. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസാണ് ഇരുവരും ചേർന്ന് എടുത്തത്. ഈ സീസണിൽ ഇത് ആദ്യമായാണ് മുംബൈക്ക് പവർ പ്ലേയിൽ ഒരു വിക്കറ്റ് എടുക്കാൻ കഴിയാതെ പോയത്. 8ആം ഓവറിൽ രാഹുൽ ചഹാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 33 റൺസ് നേടിയ ഫിലിപ്പെയെ ക്വിൻ്റൺ ഡികോക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.
Read Also : ഐപിഎൽ മാച്ച് 48; ഇന്ന് ആദ്യ സ്ഥാനക്കാരുടെ പോരാട്ടം
മൂന്നാം നമ്പറിലെത്തിയ കോലി ക്രീസിൽ നിന്ന് പരുങ്ങിയെങ്കിലും മറുവശത്ത് ദേവ്ദത്ത് അപാര ഫോമിലായിരുന്നു. 30 പന്തുകളിൽ താരം ഫിഫ്റ്റി തികച്ചു. ഇതിനു പിന്നാലെ കോലി (9) പുറത്തായി. ബാംഗ്ലൂർ നായകനെ ബുംറ സൗരഭ് തിവാരിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. എബി ഡിവില്ല്യേഴ്സിനും (15) ഏറെ ആയുസുണ്ടായില്ല. എബിയെ പൊള്ളാർഡ് രാഹുൽ ചഹാറിൻ്റെ കൈകളിൽ എത്തിച്ചു. ശിവം ദുബെ (2) ബുംറയുടെ പന്തിൽ സൂര്യകുമാർ യാദവ് പിടിച്ചു പുറത്തായി. ആ ഓവറിൽ തന്നെ ദേവ്ദത്തും പുറത്തായി. 45 പന്തുകളിൽ 74 റൺസ് നേടിയ യുവതാരം ട്രെൻ്റ് ബോൾട്ടിനു പിടികൊടുത്ത് മടങ്ങി. ബൗണ്ടറിയടിച്ച് തുടങ്ങിയ ക്രിസ് മോറിസ് (4) അടുത്ത പന്തിൽ ട്രെൻ്റ് ബോൾട്ടിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മോറിസിനെ പാറ്റിൻസൺ പിടികൂടുകയായിരുന്നു. വിക്കറ്റ് വീഴ്ച ബാംഗ്ലൂരിൻ്റെ സ്കോറിംഗിനെയും ബാധിച്ചു. ട്രെൻ്റ് ബോൾട്ട് എറിഞ്ഞ അവസാന ഓവറിൽ നേടിയ 13 റൺസാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഗുർകീരത് സിംഗ് മാൻ (14), വാഷിംഗ്ടൺ സുന്ദർ (10) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – royal challengers bangalore vs mumbai indians first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here