ടി. ഒ സൂരജിന്റെ മകൾക്കെതിരെ ഭൂമി തട്ടിപ്പ് കേസ്

പൊതുമരാമത്ത് മുൻ സെക്രട്ടറി ടി. ഒ സൂരജിന്റെ മകൾക്കെതിരെ ഭൂമി തട്ടിപ്പ് കേസ്. മകൾ ഡോ. എസ് റിസാന അടക്കം മൂന്ന് പേർക്കെതിരെയാണ് കോഴിക്കോട് മാറാട് പൊലീസ് കേസെടുത്തത്. സ്ഥലം നൽകാമെന്ന ഉറപ്പിൽ പണം തട്ടിയെന്നാണ് കേസ്.

ബേപ്പൂർ വെസ്റ്റ് മാഹിയിൽ റിസാനയുടെ പേരിലുള്ള വസ്തുവിൽ നിന്ന് 60 സെന്റ് നൽകാമെന്ന് പറഞ്ഞ് 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് മാത്രം വിട്ടുകൊടുത്ത് കബളിപ്പിച്ചുവെന്നാണ് കേസ്. 1.12 ഏക്കർ സ്ഥലത്ത് നിന്ന് സെന്റിന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വീതം നൽകാമെന്നായിരുന്നു ധാരണ. വെസ്റ്റ് മാഹി പുഞ്ചപ്പാടം സ്വദേശി കെ സുരേന്ദ്രൻ നൽകിയ പരാതിയിലാണ് കോഴിക്കോട് മാറാട് പൊലീസ് റിസാനക്കെതിരെ കേസെടുത്തത്. ബേപ്പൂരിലെ ഭൂമി ബ്രോക്കർമാരായിരുന്ന ടി. കെ നൗഷാദ്, ശിവപ്രസാദ്, അനിൽ കുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ടി. ഒ സൂരജ് പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെയാണ് മകൾ റിസാന ബേപ്പൂരിൽ ഭൂമി വാങ്ങിയത്. ഇത് സൂരജിന്റെ പണം ഉപയോഗിച്ചാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ബേപ്പൂരിലെ ഭൂമി ടി. ഒ സൂരജ് വിജിലൻസിൽ നിന്ന് മറച്ച് വച്ചിരുന്നതായും ആരോപണം ഉണ്ട്.

Story Highlights T O Sooraj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top