യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യ ലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

യൂട്യൂബറെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. ജാമ്യാപേക്ഷ പരിഗണിക്കെ പൊതുജനത്തിന് മോശം സന്ദേശം നൽകുകയല്ലേ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ്തതെന്ന് കോടതി ചോദിച്ചു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് സംശയിക്കുന്നതായും ഇക്കാര്യം അന്വേഷിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, വിജയ് പി നായരുടെ ചെയ്തികളിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത യൂട്യൂബർ വിജയ് പി നായർ ആസൂത്രിതമായാണ് പ്രതികൾ തന്നെ ആക്രമിക്കാൻ എത്തിയതെന്ന് കോടതിയിൽ വാദിച്ചു.
പ്രതികൾക്ക് നിയമവ്യവസ്ഥയിൽ വിശ്വാസമില്ലെന്നും അതിനാലാണ് നിയമം കൈയ്യിലെടുത്തതെന്നും കോടതി വിമർശിച്ചു. മാറ്റങ്ങൾക്ക് നേതൃത്വം നൽകുവാനാരെങ്കിലും വേണ്ടേയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്റെ മറുപടി. അങ്ങനെയെങ്കിൽ ഫലം അനുഭവിക്കാൻ എന്തിന് ഭയക്കണമെന്ന് കോടതി തിരിച്ചടിച്ചു. കേസ് ഹൈക്കോടതി വിധി പറയാനായി മാറ്റി.
നിയമപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിനു പകരം പ്രതികൾ നിയമം കൈയ്യിലെടുത്തു. ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ഹെഡ് സെറ്റ് സഹിതം ഭാഗ്യലക്ഷ്മിയും കൂട്ടരും കൈക്കലാക്കി. ആസൂത്രിതമായാണ് പ്രതികൾ തന്നെ ആക്രമിക്കാനെത്തിയത്. റിട്ട.ഹൈക്കോടതി ജഡ്ജി, സിനിമാതാരങ്ങൾ തുടങ്ങിയവർ പ്രതികളുടെ പ്രവൃത്തിയെ ന്യായീകരിച്ചു. വലിയ സ്വാധീനമുള്ളവരാണ് പ്രതികളെന്ന് ഇത് തെളിയിക്കുന്നതായി വിജയ് പി നായരുടെ അഭിഭാഷകൻ അഡ്വ.അർജ്ജുൻ വേണുഗോപാൽ വ്യക്തമാക്കി.
എന്നാൽ, പൊലീസ് നടപടി സ്വീകരിക്കാത്തതിനാൽ വിജയ് പി.നായരുടെ ചെയ്തികളിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും മാറ്റങ്ങൾക്ക് നേതൃത്വം നൽകുവാനാരെങ്കിലും വേണ്ടേയെന്നും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതോടെ നിലവിലെ വ്യവസ്ഥിതിയ്‌ക്കെതിരാണ് പ്രതികളുടെ നടപടിയെങ്കിൽ അതിന്റെ അനന്തര ഫലവും അനുഭവിക്കണമെന്ന് കോടതി തിരിച്ചടിച്ചു. സമൂഹമാധ്യമത്തിലൂടെ അക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തെറ്റല്ലേയെന്നും വിജയ് പി നായരെ അപമാനിക്കുകയായിരുന്നില്ലേ ലക്ഷ്യമെന്നും കോടതി വിമർശിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് സംശയമുള്ളതായും
അക്കാര്യം അന്വേഷിക്കുകയാണെന്നും സർക്കാരും കോടതിയെ ധരിപ്പിച്ചു. പ്രതികളെ വിജയ് പി നായർ ക്ഷണിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്നും സർക്കാർ വ്യക്തമാക്കി.
Story Highlights – Case of attacking YouTube; Bhagya Lakshmi and her friends’ preliminary bail has been postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here