‘ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ്’; വിവാദത്തിനു പിന്നാലെ വിശദീകരണവുമായി മുകേഷ് ഖന്ന

സ്തീവിരുദ്ധ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ബോളിവുഡ് അഭിനേതാവ് മുകേഷ് ഖന്ന. സ്ത്രീകളെ താൻ വളരെ അധികം ബഹുമാനിക്കുന്നുണ്ടെന്നും തൻ്റെ അഭിമുഖം വളച്ചൊടിച്ചതാണെന്നും ശക്തിമാൻ താരം പറയുന്നു. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം രംഗത്തെത്തിയത്. വിവാദ അഭിമുഖത്തിൻ്റെ മുഴുവൻ രൂപവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘സ്ത്രീകളെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അവരുടെ സുരക്ഷയിൽ എനിക്ക് ഉത്കണ്ഠയുണ്ട്. സ്ത്രീകൾ ജോലിക്ക് പോകരുതെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. മീടൂ എങ്ങനെയാണ് തുടങ്ങിയത് എന്നാണ് പറയാൻ ശ്രമിച്ചത്. നമ്മുടെ രാജ്യത്ത് സ്ത്രീകൾ എല്ലാ മേഖലയിലും സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. പ്രതിരോധ മന്ത്രി, ധനകാര്യ മന്ത്രി, വിദേശകാര്യ മന്ത്രി, ശൂന്യാകാശത്തുവരെ സ്ത്രീകൾ തിളങ്ങുകയാണ്. പിന്നെ എങ്ങനെയാണ് ഞാൻ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് എതിരെയാവുക. വീടിന് പുറത്തുപോയി സ്ത്രീകൾ ജോലി ചെയ്യുമ്പോൾ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ഞാൻ പറയാൻ ശ്രമിച്ചത്. കുട്ടികളെ വീട്ടിൽ ഒറ്റയ്ക്ക് നിർത്തേണ്ട അവസ്ഥ വരുന്നുണ്ട്. ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നുപോകുന്ന സ്ത്രീകളുടേയും പുരുഷന്റേയും ധർമത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞത്.’- മുകേഷ് ഖന്ന പറയുന്നു.
‘സ്ത്രീകൾ പുറത്തുപോകുന്നതുകൊണ്ടാണ് മീടൂ നടക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. ഒരു വർഷം മുൻപ് എടുത്ത വിഡിയോയിൽ ജോലികളുടെ ജോലി സ്ഥലത്തെ സുരക്ഷയെക്കുറിച്ചാണ് പറഞ്ഞത്. പിന്നെ ഇപ്പോൾ എങ്ങനെയാണ് അത്തരത്തിൽ പറയാനാവുക. എന്റെ പരാമർശത്തെ നിങ്ങൾ തെറ്റിദ്ധരിക്കരുത്. കഴിഞ്ഞ 40 വർഷത്തിലെ എന്റെ സിനിമ ജീവിതം തെളിയിക്കുന്നുണ്ട് ഞാൻ സ്ത്രീകൾക്ക് നൽകുന്ന ബഹുമാനം. എന്റെ പരാമർശത്തിന്റെ പേരിൽ ഏതെങ്കിലും സ്ത്രീകൾക്ക് വേദനിച്ചിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയാണ്. സ്ത്രീകൾ എനിക്ക് നേരെ തിരിയുമെന്ന് ഞാൻ ഭയക്കുന്നില്ല. എനിക്കെതിരെയാവേണ്ട കാര്യമില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. ഞാൻ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നും ഇപ്പോൾ എങ്ങനെയാണ് ജീവിക്കുന്നതെന്നും എല്ലാവർക്കും അറിയാം’.- അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights – Mukesh Khanna Says #MeToo Remarks Wrongly Presented
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here