പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; 200 കേസുകളില്‍ കൂടി പ്രതികളുടെ അറസ്റ്റ് ഉടന്‍

popular finance

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ 200 കേസുകളില്‍ കൂടി പ്രതികളുടെ അറസ്റ്റ് ഉടന്‍. അടുത്ത രണ്ടാഴ്ചയ്ക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് തീരുമാനം. അതേസമയം പോപ്പുലര്‍ തട്ടിപ്പില്‍ പത്തനംതിട്ട ജില്ലയിലെ 23 സ്റ്റേഷനുകളിലായി 1000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ കോന്നി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ മാത്രമാണ് നിലവില്‍ അറസ്റ്റ് ഉണ്ടായിട്ടുളളത്. നിക്ഷേപകരുടെ ഓരോ പരാതിയിലും പ്രത്യേകം കേസ് എന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 200 കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് നീക്കം. സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നിവയ്ക്ക് പുറമേ ബഡ്‌സ് ആക്ട്, കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡിപ്പോസിറ്റേഴ്‌സ് ആക്ട് എന്നീ വകുപ്പുകള്‍ ഓരോ കേസിലും ഉള്‍പ്പെടുത്തും.

Read Also : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്; അഞ്ചാം പ്രതി റിയ ആന്‍ തോമസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ ഡോ. റീനു മറിയം തോമസ്, റേബ, ഡോ. റിയ ആന്‍ തോമസ് എന്നിവരെ പ്രതി ചേര്‍ക്കും. നിക്ഷേപത്തുക വന്നെത്തിയ എല്‍ എല്‍ പി കമ്പനികളുടെ നടത്തിപ്പില്‍ അഞ്ച് പേര്‍ക്കും പങ്കാളിത്തമുളള സാഹചര്യത്തിലാണിത്.

കോന്നി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുളള മറ്റ് 257 കേസുകളില്‍ 200 എണ്ണത്തിലാകും ഉടന്‍ അറസ്റ്റ് ഉണ്ടാവുക. നിശ്ചിത ദിവസം നിശ്ചിത കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തുക എന്നതിനാണ് ആലോചന. ആരോപിക്കപ്പെട്ടിട്ടുളള കുറ്റങ്ങള്‍ തെളിയുന്ന പക്ഷം പത്ത് വര്‍ഷത്തില്‍ താഴെയാകും പ്രതികള്‍ക്കുളള ശിക്ഷ.

ഇത്തരം കേസുകളില്‍ 60 ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നില്ലെങ്കില്‍ സ്വാഭാവിക ജാമ്യം കിട്ടാം. എന്നാല്‍ കൂടുതല്‍ കേസുകളില്‍ അറസ്റ്റ് ഉണ്ടാകുന്നതോടെ എല്ലാം കേസിലും ജാമ്യം ലഭിക്കുന്നതോടെ മാത്രമേ പ്രതികള്‍ക്ക് പുറത്തിറങ്ങാനാകു.

Story Highlights popular finance fraud case, 200 cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top