കടുവ ചാടിപ്പോയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം

neyyar tiger escaped

കടുവ ചാടിപ്പോയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മന്ത്രി കെ രാജു ആവശ്യപ്പെട്ടു. കടുവ ഇട്ടിരുന്ന കൂടിന്റെ കമ്പി പഴകിയതായിരുന്നുവെന്നും മന്ത്രി. വലിയ അപകടമാണ് ഒഴിവായത്. കടുവയ്ക്ക് നിലവില്‍ അവശത മാത്രമാണുള്ളത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും മന്ത്രി. വയനാട് ടൈഗര്‍ റെസ്‌ക്യൂ സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ കടുവയെ അവിടേയ്ക്ക് മാറ്റും.

Read Also : നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കടുവയെ കണ്ടെത്തി

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ചാണ് പിടികൂടിയത്. മണിക്കൂറുകള്‍ നിരീക്ഷിച്ച ശേഷമാണ് കടുവയെ വെടിവച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സഫാരി പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത്. പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

വയനാട്ടില്‍ നിന്ന് നെയ്യാറിലെത്തിച്ച കടുവയാണ് രക്ഷപ്പെട്ടത്. കടുവ പാര്‍ക്കില്‍ തന്നെയുണ്ടെന്ന് വനം വകുപ്പ് നേരത്തെ ഉറപ്പിച്ചിരുന്നു. സഫാരി പാര്‍ക്കില്‍ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രാത്രി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. കടുവയെ പിടികൂടാന്‍ വയനാട്ടില്‍ നിന്നുള്ള മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ എത്തിയിരുന്നു. മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമാണ് കടുവയെ പിടികൂടാനായത്.

Story Highlights tiger escaped from neyyar safari park, k raju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top