കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ തേജോമയ ആഫ്റ്റര്‍കെയര്‍ ഹോം; ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

എറണാകുളം എടക്കാട്ടുവയലിലെ തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോം താമസക്കാരില്‍ 16 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി വരുമാനദായകമായ തൊഴില്‍ കണ്ടെത്തി കൊടുക്കുന്നതിന് വേണ്ടിയാണ് നിര്‍ഭയ പദ്ധതിയുടെ ഭാഗമായി തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം ആരംഭിച്ചിരിക്കുന്നത്.

ഒരു വര്‍ഷം കൊണ്ട് ഓരോ താമസക്കാര്‍ക്കും പ്രതിമാസം 10,000 രൂപ മുതല്‍ 15,000 രൂപ വരെ വരുമാനം ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസൃതമായ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കി പുനരധിവസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവര്‍ക്കായി സൗജന്യ താമസം, ജീവിത നൈപുണ്യ വിദ്യാഭ്യാസം, മനശാസ്ത്രപരമായ സമീപനം, തൊഴിലധിഷ്ഠിത നൈപുണ്യവികസനം, യോഗ, വ്യായാമം, ജീവന്‍സുരക്ഷാ സേവനങ്ങള്‍, മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനായി 36.40 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പരിപാടിയാണ് നിര്‍ഭയ പദ്ധതി. ലൈംഗീക പീഡനം, ലൈംഗികാതിക്രമം, ലൈംഗിക വൃത്തിക്കുവേണ്ടിയുള്ള മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരായുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പദ്ധതി മുന്‍തൂക്കം നല്‍കുന്നത്. സംസ്ഥാനത്തുടനീളമായി വിവിധ ജില്ലകളിലായി 15 വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമുകളും ഒരു എസ്ഒഎസ് ഹോമും പ്രവര്‍ത്തിച്ചുവരുന്നു.

Story Highlights Thejomaya After Care Home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top