വടക്കാഞ്ചേരി ലൈഫ് ക്രമക്കേട്; ഐ ഫോൺ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം

വടക്കാഞ്ചേരി ലൈഫ് ക്രമക്കേടിലെ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. അഡീഷണൽ പ്രോട്ടോക്കോൾ ഓഫീസർക്ക് ലഭിച്ച ഐ ഫോൺ അന്വേഷണ സംഘത്തിന് കൈമാറി. ബാക്കിയുള്ള ഫോണുകൾ കൈമാറാൻ നിർദേശിച്ച് അന്വേഷണസംഘം ഉടൻ നോട്ടീസ് നൽകും. ഇതിനിടെ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
വടക്കാഞ്ചേരി ലൈഫ് ക്രമക്കേടിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കോഴയായി കൈമാറിയ ഐ ഫോണുകൾ എല്ലാം പിടിച്ചെടുക്കാനാണ് വിജിലൻസ് തീരുമാനം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് ഐ ഫോൺ ലഭിച്ചെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിജിലൻസ് നീക്കം. നറുക്കെടുപ്പിലൂടെ ഐ ഫോൺ ലഭിച്ച കാട്ടാക്കട സ്വദേശി പ്രവീൺ വിജിലൻസ് നിർദേശ പ്രകാരം ഫോൺ കൈമാറിയിരുന്നു. അഡീഷണൽ പ്രോട്ടോക്കോൾ ഓഫീസർ രാജീവന് ലഭിച്ച ഐ ഫോൺ പൊതുഭരണ വകുപ്പ് ഇന്ന് വിജിലൻസിന് കൈമാറിയിട്ടുണ്ട്. എയർ അറേബ്യ മാനേജർ പത്മനാഭ ശർമയ്ക്ക് അടിയന്തരമായി ഫോൺ ഹാജരാക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകി. സന്തോഷ് ഈപ്പനെ കൂടാതെ ഫോൺ ലഭിച്ചെന്ന് കരുതുന്ന ശിവശങ്കർ, കോൺസുലേറ്റ് ജനറൽ, ജിത്തു എന്നിവർക്ക് വിജിലൻസ് ഉടൻ നോട്ടീസ് നൽകും.
വിജിലൻസ് സംഘം നാളെ സന്ദീപ് നായരെ ചോദ്യം ചെയ്യും. സ്വപ്ന സുരേഷിനെയും സന്ദീപിനെയും എൻഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എം ശിവശങ്കർ. നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തതക്ക് വേണ്ടിയാണ് ചോദ്യം ചെയ്തത്.
Story Highlights – I Phone, Life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here